ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറി നൽകിയതായി പരാതി. പരാതിയുമായി രണ്ട് കുടുംബങ്ങളാണ് രംഗത്തുവന്നത്. മൃതദേഹം മാറിയതിനാൽ ഒരു കുടുംബം സംസ്ക്കാര ചടങ്ങ് മാറ്റി വച്ചതായാണ് വിവരം. ഒരു കുടുംബത്തിന് കൈമാറിയ ശവപ്പെട്ടിക്കുള്ളിൽ വ്യത്യസ്ത മൃതദേഹഭാഗങ്ങളെന്നും പരാതി ഉയരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം.
മലയാളിയായ രഞ്ജിത അടക്കം മുന്നൂറിനടുത്ത് പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷടമായത്. കേരളത്തിൽ സർക്കാർ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തിൽപ്പെട്ടത്. എട്ട് മാസമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തിയത്.
ജൂലൈയിൽ ജോലിയിൽ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ യാത്രോദേശ്യം. വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക എന്നീ മക്കളാണ് വീട്ടില്‍ രഞ്ജിതയ്ക്കുള്ളത്. തിരുവല്ലയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ട്രെയിനില്‍ പോയ രഞ്ജിത, അവിടെ നിന്നും ചെന്നൈയിലും തുടര്‍ന്ന് അഹമ്മദാബാദിലുമെത്തി.
ഗോപകുമാരന്‍ നായര്‍- തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.