ന്യൂഡൽഹി: മൂന്നു ദിവസം പ്രായമുള്ളപ്പോൾ ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തി. പതിമൂന്നാം വയസിൽ അതേ പെൺകുട്ടി പോറ്റമ്മയെ കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്.
ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലെ വാടക വീട്ടിലാണ് അൻപത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു പുരുഷൻമാരുമായുള്ള എട്ടാം ക്ലാസുകാരിയായ മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു. ഇതും സ്വത്തുക്കൾ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് പോറ്റമ്മയെ കൊലപ്പെടുത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
കൊലപ്പെടുത്താനായി കഴിഞ്ഞ ഏപ്രിൽ 29ന് ഉറക്കഗുളിക കൊടുത്തു രാജലക്ഷ്മിയെ മയക്കിക്കിടത്തി. ശേഷം തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിറ്റേദിവസം സ്വന്തം നാടായ ഭുവനേശ്വറിൽ എത്തിച്ച് മൃതദേഹം സംസ്കരിച്ചു. അതേസമയം അമ്മ ഹൃദയാഘാതത്തെ തുടർന്നു മരിച്ചെന്നാണ് ചടങ്ങിനെത്തിയ ബന്ധുക്കളോടു പെൺകുട്ടി പറഞ്ഞത്. രാജലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ ആരും സംശയിച്ചുമില്ല. എന്നാൽ എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഭുവനേശ്വറിൽ വച്ച് മറന്നുപോയിരുന്നു. ഇത് രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്ര കണ്ടെത്തി പരിശോധിച്ചപ്പോഴാണ് ആൺസുഹൃത്തുക്കളുമായി ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതക പദ്ധതി പുറത്തുവന്നത്.