തിരുവനന്തപുരം: സിനിമാ കോൺക്ലേവിൽ ദളിതർക്കും സ്ത്രീകൾക്കുംനേരെ അധിക്ഷേപ പരാമർശവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമ നിർമിക്കാൻ സ്ത്രീകൾക്കും ദളിത് വിഭാഗങ്ങൾക്കും സർക്കാർ നൽകുന്ന ഫണ്ടിലായിരുന്നു അടൂരിന്റെ വിവാദ പരാമർശം. സർക്കാരിന്റെ ഫണ്ടിൽ സിനിമ നിർമിക്കാൻ ഇറങ്ങുന്നവർക്ക് മൂന്ന് മാസത്തെ ഇന്റൻസീവ് ട്രെയിനിംഗ് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘സർക്കാർ പട്ടികജാതി പട്ടികവർഗത്തിന് നൽകുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാൽ ഈ തുക മൂന്ന് പേർക്കായി നൽകണം. അവർക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നൽകണം’, അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
അതുപോലെ പണം ലഭിച്ചവർക്ക് പരാതിയാണെന്നും അവരെ പറഞ്ഞ് മനസിലാക്കണമെന്നും അടൂർ കുറ്റപ്പെടുത്തി. ജനങ്ങളിൽ നിന്ന് കരം പിടിച്ച പണമാണെന്ന് പറഞ്ഞ് മനസിലാക്കണം. നിർബന്ധമായും പരിശീലനം വേണം. വാണിജ്യ സിനിമ എടുക്കാനുള്ള കാശല്ലയിത്. സ്ത്രീയായത് കൊണ്ട് മാത്രം പണം കൊടുക്കരുത്, അവർക്കും പരിശീലനം നൽകണം. എല്ലാ പ്രയാസങ്ങളും അറിഞ്ഞ് വേണം പണമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താൽ ആ പണം നഷ്ടം ആകുമെന്നും അടൂരിന്റെ മുന്നറിയിപ്പ്.
അതേസമയം ഇന്നലെയും ഇന്നുമാണ് തലസ്ഥാനത്ത് സിനിമാ കോൺക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് കോൺക്ലേവ് നടന്നത്. മോഹൻലാലും സുഹാസിനിയും ഉദ്ഘാടനത്തിലെ മുഖ്യാതിഥികളായിരുന്നു.
സംസ്ഥാന സിനിമാ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് സിനിമാ കോൺക്ലേവ് നടക്കുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒമ്പത് വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങളിലൊന്നായിരുന്നു കോൺക്ലേവ്. കോൺക്ലേവിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ ആറ് മാസത്തിനകം സിനിമാ നയം പ്രഖ്യാപിക്കുകയാണ് ഇതിന്റെ ലക്ഷ്യം.