ചണ്ഡീഗഢ്: ഹരിയാനയിലെ നടന്ന ഒരു പരിപാടിക്കിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടി മൗനി റോയ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പരിപാടിക്കായി വേദിയിലേക്ക് പ്രവേശിച്ചതോടെയാണ് സംഭവം ആരംഭിച്ചതെന്ന് മൗനി പറയുന്നു. വേദിക്കരികെ നിന്നിരുന്ന പുരുഷൻമാർ തന്റെ അനുവാദം കൂടാതെ ശരീരത്തിൽ സ്പർശിച്ചെന്നാണ് മൗനിയുടെ ആരോപണം. തന്റെ അപ്പൂപ്പൻമാരാകാൻ പ്രായമുള്ളവരും കൂട്ടത്തിൽ ഉണ്ടായിരുന്നെന്ന് മൗനി വെളിപ്പെടുത്തി.
‘‘അനുവാദമില്ലാതെ എന്റെ അരയിൽ കൈകൾ വച്ച ശേഷം പലരും ഫോട്ടോ എടുത്തു. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല, സർ, ദയവായി നിങ്ങളുടെ കൈ മാറ്റൂ എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ അത് ശ്രദ്ധിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടു പോലും അവർ അത് ഗൗനിക്കാതിരുന്നത് എന്നെ അസ്വസ്ഥയാക്കി. പിന്നാലെ വേദിയിൽ വച്ച് എന്റെ പ്രോഗ്രാം ആരംഭിച്ചു. ഇതിനിടെ അമ്മാവൻമാരാകാൻ പ്രായമുള്ള രണ്ട് പേർ മുന്നോട്ടുവന്നു.
തുടർന്ന് ചില അശ്ലീല പരാമർശങ്ങൾ നടത്തി. അശ്ലീല ആംഗ്യങ്ങളും അവർ എനിക്കു നേരെ കാണിച്ചു. ഞാൻ അത് ചെയ്യരുതെന്ന് മാന്യമായി അവരോട് അപേക്ഷിച്ചു’’ – മൗനി റോയ് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു. വേദിയിലെ പരിപാടിക്കിടെ കൂട്ടത്തിലെ ചിലർ തന്റെ വിഡിയോ അശ്ലീല രീതിയിൽ പകർത്തിയെന്നും മൗനി പറയുന്നു.















































