പി.ആർ സുമേരൻ
തെന്നിന്ത്യൻ താരം ഗൗരി ജി കിഷനുണ്ടായ ബോഡി ഷെയ്മിങ് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. താരങ്ങളായിരുന്നാലും സാധാരണ സ്ത്രീകളായാലും പൊതു ഇടങ്ങളിൽ ബോഡി ഷെയ്മിങിന് വിധേയരാകുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ പാടില്ല. അത്തരം പ്രവർത്തികളെ നിയമപരമായി തന്നെ നേരിടണം. എന്നാൽ വിവാദമായിരിക്കുന്ന ഗൗരി ജി കിഷനുണ്ടായ ബോഡി ഷെയിം വിഷയത്തിൽ മാധ്യമ പ്രവർത്തകരെ കല്ലെറിയുന്നത് എന്തിനാണ് ? താരത്തിനോട് എന്തു വെയ്റ്റുണ്ടെന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു എന്നും, ഈ വിഷയത്തിൽ സമീപത്തിരുന്ന സംവിധായകനും അണിയറപ്രവർത്തകരും നിശബ്ദത പാലിച്ചു എന്നും ആരോപിച്ചാണ് വിഷയം വിവാദമായിരിക്കുന്നത്.എന്നാൽ പൊതുവ ഇത്തരം കാര്യങ്ങളൊക്കെ തന്നെ പലപ്പോഴും സിനിമാ പ്രമോഷൻറെ ഭാഗവും, പി ആർ വർക്കിൻറെ ഭാഗവുമായി മാറാറുണ്ട്.
സിനിമാ പ്രമോഷൻറെ ഭാഗമായി വിളിച്ചുകൂട്ടുന്ന വാർത്താസമ്മേളനങ്ങളിലും പ്രമോഷൻ പരിപാടികളിലും മുഖ്യധാരാ മാധ്യമ പ്രവർത്തകരുടെ കൂടെ യൂട്യൂബേഴ്സും കയറിക്കൂടാറുണ്ട്. പക്ഷേ പലപ്പോഴും പ്രോഗ്രാമുകളുടെ കണ്ടൻറുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് വാർത്തകൾ പുറത്തുവരുന്നത്. ഒരു പരിധിവരെ പ്രമോഷനായി എത്തുന്നവർ അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. മാധ്യമ പ്രവർത്തകർ എന്ന വ്യാജേന കയറിക്കൂടുന്ന നടൻ ജോയി മാത്യു വിശേഷിപ്പിച്ച ‘വെട്ടിക്കിളി’കളാണ് പലപ്പോഴും ഇത്തരം പുലിവാലുകൾ ഉണ്ടാക്കുന്നത്. ഒടുവിൽ പഴി കേൾക്കുന്നതും ചീത്തവിളി കേൾക്കുന്നതും മാധ്യമ പ്രവർത്തകരാണ്.
ഒരു സെൽഫോൺ ഉണ്ടെങ്കിൽ ആർക്കും സിനിമാ പ്രമോഷനിൽ കയറിക്കൂടാമെന്ന അവസ്ഥയിലേക്ക് പൊതുവെ സിനിമാ പ്രമോഷൻ പരിപാടികൾ മാറിയിട്ടുണ്ട്. ഇത്തരക്കാരുടെ ബഹളങ്ങളിൽ നിന്ന് മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും വിട്ടുനിൽക്കാറുമുണ്ട്. പ്രോഗ്രാമുകൾക്ക് എത്തുന്ന താരങ്ങളെ അവരുടെ ശരീരവും വസ്ത്രങ്ങളുമൊക്കെ ചിത്രീകരിച്ചും അശ്ലീല ചോദ്യങ്ങൾ ചോദിച്ചും അവയൊക്കെ റീൽസുകളാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തിയും പണം സമ്പാദിച്ചും നവ മാധ്യമങ്ങൾ തടിച്ചു കൊഴുക്കുമ്പോൾ അത്തരക്കാരുടെ അസ്ഥാനത്തെ ചോദ്യങ്ങളുടെ പേരിൽ മാധ്യമ പ്രവർത്തകരെയും മാധ്യമങ്ങളെയും ആക്ഷേപിക്കുന്നത് ശരിയല്ല. സിനിമാ പ്രമോഷൻ പരിപാടികൾ അല്പം കൂടി ജാഗ്രതയോടുകൂടിയും വാർത്താസമ്മേളനങ്ങളുടെ അന്തസും സുതാര്യതയും നിലനിർത്തിയാൽ സിനിമാ പ്രവർത്തകർക്ക് തന്നെയാണ് എന്നും നല്ലത്. ഏതെങ്കിലും ഒരു വിവരദോഷിയുടെ ചോദ്യത്തിൽ തൂങ്ങി മാധ്യമ പ്രവർത്തകരുടെ മേൽ കുതിരകയറുന്നത് ശരിയല്ല.


















































