തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ വിധി വരുന്നതിന് ഒരാഴ്ച മുൻപുതന്നെ വിധി ഇങ്ങനെയായിരിക്കുമെന്ന് കൃത്യമായി അറിഞ്ഞ് ഊമക്കത്ത് പ്രചരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് കത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. വിധിയുടെ വിശദാംശങ്ങൾ ചോർന്ന് ഊമക്കത്തായി പ്രചരിച്ചതിൽ അന്വേഷണം വേണമെന്നാണ് ബൈജു പൗലോസ് പരാതിയിൽ ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്നതിന് മുൻപ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്നും അത് ഊമക്കത്തായി പ്രചരിച്ചെന്നുമാണ് ആരോപണം. ഡിസംബർ എട്ടാം തീയതിയാണ് കേസിൽ കോടതി വിധി പറഞ്ഞത്. ഒന്നുമുതൽ ആറുവരെയുള്ള പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതേവിടുകയുംചെയ്തു. എന്നാൽ, ഡിസംബർ എട്ടിന് വിധി പറയുന്നതിന് ഒരാഴ്ച മുൻപ് തന്നെ വിധിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഊമക്കത്തായി പ്രചരിച്ചു. ഊമക്കത്ത് കിട്ടിയവരിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾക്കടക്കമുണ്ടായിരുന്നു. മാത്രമല്ല ഇക്കാര്യം അസോസിയേഷൻ പ്രസിഡന്റും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ മാത്രമാകും കുറ്റക്കാർ, ദിലീപടക്കം നാലുപ്രതികളെ വെറുതെവിടുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. മാത്രമല്ല വിധി തയ്യാറാക്കിയശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചെന്നും കത്തിൽ ആരോപിച്ചിരുന്നു. ഇതിൽ അന്വേഷണം വേണമെന്നും എങ്ങനെയാണ് വിധിയുടെ വിശദാംശങ്ങൾ ചോർന്നതെന്ന് കണ്ടെത്തണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

















































