കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു. സിനിമാ താരങ്ങളായ ഇടവേള ബാബു, സിദ്ദീഖ്, ഭാമ, ബിന്ദു പണിക്കർ എന്നിവരാണ് കോടതിയിൽ മൊഴിമാറ്റി പറഞ്ഞ പ്രമുഖർ. ഇവരടക്കം 21 സാക്ഷികളാണ് കൂറുമാറിയത്. ഇടവേള ബാബു അന്ന് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. പോലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറയുകയായിരുന്നു. കേസിൽ നിർണായകമാകേണ്ടിയിരുന്ന മൊഴികളാണ് സംഘം മാറ്റിപ്പറഞ്ഞത്.
ആദ്യം കേസിലെ എട്ടാംപ്രതിയായ ദിലീപ് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി ‘അമ്മ’യിൽ നേരത്തേ പരാതി നൽകിയിരുന്നുവെന്നാണ് ഇടവേള ബാബു പോലീസിന് മുന്നിൽ മൊഴി നൽകിയത്. തനിക്കു നടിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നതായും ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നതായും ഇടവേള ബാബു പോലീസിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നതെന്ന് ദിലീപിനോട് ചോദിച്ചു. ഒരു സ്‌റ്റേജ് പരിപാടിക്കിടെ ദിലീപും നടിയും തമ്മിൽ തർക്കമുണ്ടായി. അതിനുശേഷം കാവ്യാമാധവനും നടിയും തമ്മിൽ മിണ്ടാതായെന്നും ഇടവേള ബാബു പോലീസിനോട് പറഞ്ഞിരുന്നു.
പക്ഷെ, കോടതിയിൽ എത്തിയപ്പോൾ ഇടവേള ബാബു മലക്കംമറിഞ്ഞു. ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായി പറഞ്ഞ് നടി പരാതിപ്പെട്ടത് ഓർമയില്ലെന്നായിരുന്നു ഇടവേള ബാബു കോടതിയിൽ പറഞ്ഞത്. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു.
ഇടവേള ബാബുവിനെ കൂടാതെ നടിയെ ആക്രമിച്ച കേസിൽ മറ്റൊരു സാക്ഷിയായ നടി ബിന്ദു പണിക്കരും കോടതിയിൽ മൊഴിമാറ്റിയിരുന്നു. സിദ്ദീഖും നടി ഭാമയും സമാനരീതിയിൽ മൊഴി മാറ്റി.
‘അമ്മ’യുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലീപും നടിയും തർക്കമുണ്ടായെന്നാണ് സിദ്ദീഖും ഭാമയും ആദ്യം പോലീസിന് മൊഴി നൽകിയത്. എന്നാൽ, കോടതിയിലെ സാക്ഷിവിസ്താരത്തിനിടെ ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായില്ല. ഇതോടെ സിദ്ദീഖും ഭാമയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
‘ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നു. അവൾ എന്റെ കുടുംബം തകർത്തവളാണ്, ആക്രമിക്കപ്പെട്ട നടിയെ താൻ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് പറഞ്ഞു.’ എന്നും നടി ഭാമ പോലീസിന് മൊഴി നൽകിയിരുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ബിന്ദു പണിക്കർ കൊച്ചിയിലെ എഎംഎംഎ റിഹേഴ്സില് ക്യാമ്പിലെ സംഭവങ്ങൾ വിശദീകരിച്ചിരുന്നു. പിന്നീട് ബിന്ദു പണിക്കര് കോടതിയിൽ സാക്ഷിമൊഴി മാറ്റി പറഞ്ഞു. ബിന്ദു പണിക്കർ കൂറുമാറിയതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
















































