ചെന്നൈ: വനിതാ ഏകദിന ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയക്കെതിരെ അപരാജിത സെഞ്ചുറിയുമായി ടീമിനെ ഫൈനലിലെത്തിച്ച ശേഷം യേശുവിന് നന്ദി പറഞ്ഞ ഇന്ത്യൻ താരം ജമീമ റോഡ്രിഗസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപിനേതാവും നടിയുമായ കസ്തൂരി. വിജയത്തിനുശേഷം ശിവനോ ഹനുമാനോ ആണ് തൻറെ ജയത്തിന് പിന്നിൽ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ എന്ന് കസ്തൂരി ചോദിച്ചു.
യേശുവിന് പകരം ജയ് ശ്രീരാം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ എന്താകുമായിരുന്നു. ഹിന്ദുക്കളുടെ വികാരപ്രകടനം ആണെങ്കിൽ പ്രതികരണങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും താൻ കപട മതേതര വാദിയല്ലെന്നും കസ്തൂരി എക്സ് പോസ്റ്റിൽ പറഞ്ഞു. ദൈവം ജമീമയെ അനുഗ്രഹിക്കട്ടെ എന്നും കസ്തൂരി പറഞ്ഞു. അതേസമയം സമ്മാനദാനച്ചടങ്ങിലായിരുന്നു വിജയത്തിൽ ജമീമ യേശുവിന് നന്ദി പറഞ്ഞത്.
സെമിയിൽ 134 പന്തിൽ 127 റൺസെടുത്ത ജമീമയുടെ ഇന്നിംഗ്സാണ് ഓസീസ് ഉയർത്തിയ 339 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് തുണയായത്. മത്സരശേഷം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജമീമയോടെ സെഞ്ചുറിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മത്സരത്തിനൊടുവിൽ ശാരീരികമായി തളർന്നപ്പോൾ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെ ആണ് ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞതെന്നും ജമീമ പറഞ്ഞത്.
എൻറെ അർധസെഞ്ചുറിയോ സെഞ്ചുറിയോ ഒന്നുമായിരുന്നില്ല പ്രധാനം. ഇന്ത്യയെ ഫൈനലിലെത്തിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇന്നിംഗ്സിൻറെ തുടക്കത്തിൽ ഞാൻ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. എന്നാൽ ഇന്നിംഗ്സിനൊടുവിൽ തീർത്തും ക്ഷീണിതയായതോടെ ബൈബിളിലെ ആ വാചകങ്ങളായിരുന്നു ഞാൻ ഉരുവിട്ടത്. തളരാതെ പിടച്ചു നിൽക്കു, ദൈവം നിനക്ക് വേണ്ടി പോരാടും. ഈ വാചകത്തിനെതിരെയാണ് കസ്തൂരി രംഗത്തെത്തിയത്.
അതേസമയം ടൂർണമെൻറിലൂടനീളം കടുത്ത ഉത്കണ്ഠയിലൂടെയാണ് താൻ കടന്നുപോയതെന്നും എല്ലാ ദിവസവും അമ്മയെ വിളിച്ച് കരയുമായിരുന്നുവെന്നും മത്സരശേഷം കരച്ചിലടക്കാനാവതെ ജമീമ പറഞ്ഞിരുന്നു.


















































