അമരാവതി: തിരഞ്ഞെടുപ്പ് പ്രചാരണത്തിലിടെ ചെറുവിമാനം തകർന്നു മരിച്ച നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന് 21 വർഷങ്ങൾക്കുശേഷം പോലീസിൽ പരാതി. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് സൗന്ദര്യയേയും സഹോദരനേയും കൊലപ്പെടുത്തിയതാണെന്നാണ് ആന്ധ്രാപ്രദേശിലെ ഖമാം ജില്ലയിലെ പോലീസ് സ്റ്റേഷനിൽ ചിറ്റിമല്ലു എന്നയാൾ നൽകിയ പരാതിയിൽ പറയുന്നത്. തെലുങ്കു നടൻ മോഹൻബാബുവാണ് കൊലപാതകത്തിനു പിന്നിലെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഈ ആരോപണം വ്യാജമാണെന്നു കാട്ടി, സൗന്ദര്യയുടെ ഭർത്താവ് ജി.എസ്. രഘു രംഗത്തെത്തിയിട്ടുണ്ട്.
ആന്ധ്രയിലെ ജൽപല്ലി ജില്ലയിലെ ആറ് ഏക്കറോളം വരുന്ന സ്ഥലം വിൽക്കാൻ സൗന്ദര്യയും സഹോദരനും തയാറായില്ല. എന്നാൽ അപകടമരണത്തിനുശേഷം അയാൾ ആ സ്ഥലം കൈക്കലാക്കിയെന്നും അതിനാൽ സൗന്ദര്യയുടെ മരണത്തിൽ മോഹൻബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. മോഹൻ ബാബു കൈക്കലാക്കിയ സ്ഥലം സർക്കാർ ഏറ്റെടുത്ത് ജനക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമി എങ്ങനെ മോഹൻബാബു തട്ടിയെടുത്തെന്നും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നിലവിൽ മോഹൻ ബാബുവും ഇളയ സഹോദരനും തമ്മിലുള്ള കുടുംബപ്രശ്നങ്ങളും നിയമപോരാട്ടങ്ങളും ചിറ്റിമല്ലു പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം സംഭവത്തിൽ മോഹൻ ബാബുവിന്റെ പ്രതികരണം ലഭിച്ചിട്ടില്ല.
ഇതിനിടെ സൗന്ദര്യയുടെ ഭർത്താവ് ജി.എസ്. രഘു ഇതു വ്യാജ വാർത്തയാണെന്നു പറഞ്ഞ് രംഗത്തെത്തി. ‘‘എന്റെ അറിവിൽ മോഹൻബാബുവുമായി ഭൂമി ഇടപാടുകൾ നടന്നിട്ടില്ല. എന്റെ ഭാര്യയായിരുന്ന സൗന്ദര്യയുടെ കൈയിൽനിന്ന് മോഹൻബാബു അനധികൃതമായി വസ്തു കൈവശപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 25 വർഷത്തിലധികമായി മോഹൻ ബാബു സാറിനെ എനിക്ക് അറിയാം. ശക്തമായ സൗഹൃദവും ഉണ്ട്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും പരസ്പര ബഹുമാനവും വിശ്വാസ്യതയുമുണ്ട്. അദ്ദേഹത്തെ ഇക്കാര്യത്തിൽ ഞാൻ വിശ്വസിക്കുന്നു. അദ്ദേഹവുമായി യാതൊരുവിധ വസ്തു ഇടപാടുകളും ഞങ്ങൾക്ക് ഇല്ല. പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്’’ – രഘു പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.
2004 ഏപ്രിൽ 17നാണ് ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ച ചെറുവിമാനം തകർന്ന് തെന്നിന്ത്യൻ നടി സൗന്ദര്യ മരിച്ചത്. സൗന്ദര്യയുടെ സഹോദരൻ അമർനാഥ്, പൈലറ്റ് മാവേലിക്കര സ്വദേശി ജോയ് ഫിലിപ്പ്, ബിജെപിയുടെ പ്രാദേശിക നേതാവ് രമേഷ് ഖാദം എന്നിവരും ജെക്കൂർ എയർഫീൽഡിനടുത്തുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.