കൊച്ചി∙ ആൾതാമസമില്ലാത്ത വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. വീട് പൊളിച്ചുകൊണ്ടിരുന്ന നെട്ടൂർ പുളിയംപള്ളി ഹംസയുടെ മകൻ നിയാസ് (38) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഏറെ നാളായി അപകടാവസ്ഥയിൽ നിന്നിരുന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
കെട്ടിടം ഇടിയുന്നതുകണ്ട് ഈ സമയം അവിടെയുണ്ടായിരുന്ന 3 തൊഴിലാളികൾ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. നിയാസ്, ഭിത്തിയുടെ അടിയിൽപ്പെടുകയായിരുന്നു. മറ്റു തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.


















































