റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ. അബ്ദു റഹീം കേസിൽ നിർണായകമായ വിധിയാണ് ഇന്നുണ്ടായത്. പൊതുഅവകാശ (പബ്ലിക് റൈറ്റ്സ്) പ്രകാരം 20 വർഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീർപ്പുണ്ടായത്. അതേസമയം ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി റഹിം. അതിനുശേഷം ജയിൽ മോചനമുണ്ടാവും. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും.
അതേസമയം 19 വർഷമായി റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുകയാണ് റഹീം. പുതിയ ശിക്ഷാവിധി വന്നതോടെ റഹീമിന് അടുത്ത വർഷം മോചനമുണ്ടാകും. ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടംബത്തിെൻറ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ്.
ഒറിജിനൽ കേസ് ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണം എന്ന് പറഞ്ഞാണ് അന്ന് കേസ് മാറ്റിവെച്ചത്. സ്വകാര്യ അവാകാശത്തിൻറെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ ഒമ്പത് മാസം മുമ്പ് ഒഴിവായത്. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിൻറെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. തുടർന്നു 2012ലാണ് വധശിക്ഷ വിധിച്ചത്.