തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയെ ആധുനിക കാലഘട്ടത്തിൽ നയിക്കാൻ കഴിയുന്ന നേതാവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ന്യൂ ജനറേഷനെ ആകർഷിക്കാൻ കഴിയുന്നയാളാണ് രാജീവ് ചന്ദ്രശേഖറെന്നും ഏൽപ്പിച്ച ചുമതല നല്ല രീതിയിൽ ചെയ്യുന്നയാളാണെന്നും എ പി അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
തൃശൂർകാരനാണ്, പക്ഷെ കണ്ണൂരിലെ പുതിയാപ്ലയുയാണ് രാജീവ് ചന്ദ്രശേഖറെന്നും എ പി അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം മൂന്നുതവണ രാജ്യസഭാ എംപി എന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിയ വ്യക്തിതമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അതേ സമയം, ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ദിവസം ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്. തുടർന്ന് അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് നാമനിർദേശ പത്രിക നൽകുകയായിരുന്നു. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണ് അദ്ദേഹം സമർപ്പിച്ചത്.