തിരുവനന്തപുരം: തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഇന്നലെ രാവിലെ ഒരു പുതിയ അതിഥികൂടിയെത്തി. രാവിലെ 10.53-ഓടെ ചാറ്റൽ മഴ നനഞ്ഞ്, ഒരു സ്ത്രീ അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചുപോവുകയായിരുന്നു. നെഞ്ചോട് ചേർത്ത് അവസാനമായി ചുംബനം നൽകിയ ശേഷം, വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കുഞ്ഞിനെ കിടത്തി ആ സ്ത്രീ പോവുകയായിരുന്നു.
കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയതോടെ യന്ത്രത്തൊട്ടിലിന്റെ സെൻസർ ഉണരുകയും വീപ് ശബ്ദം മുഴക്കുകയും ചെയ്തു. ഇതോടെ, ദത്തെടുക്കൽ കേന്ദ്രത്തിലെ നഴ്‌സസ് മുറിയിൽ അലാറം മുഴങ്ങുകയും മോണിറ്ററിൽ കുഞ്ഞിന്റെ ചിത്രം തെളിയുകയും ചെയ്തു. അഡോപ്ഷൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കം മാനേജർ സരിത. എസ്, ഹെഡ് നഴ്‌സ് അജതറാണി എന്നിവരുൾപ്പെടെയുള്ള ജീവനക്കാർ ഓടിയെത്തി കുഞ്ഞിനെ ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് പെൺകുഞ്ഞിനെ തൈക്കാട് സർക്കാർ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകളും പരിശോധനകളും നടത്തി.
അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് പരിശോധനയിൽ കണ്ടെത്തി. കുഞ്ഞിന് 2.39 കിലോഗ്രാം ഭാരമുണ്ട്. വസന്തവും വർഷവും മഞ്ഞുകാലവും സംഗമിക്കുന്ന ഈ ഋതു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി കുഞ്ഞിന് “നവംബർ” എന്ന് പേരിട്ടു.
അതേസമയം ഒക്ടോബർ, നവംബർ മാസങ്ങളിലായി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ മാത്രം ലഭിക്കുന്ന 12-ാമത്തെ കുട്ടിയാണ് നവംബർ. ഇതിൽ ആറ് പെൺകുട്ടികളും ആറ് ആൺകുട്ടികളുമാണ്. കുഞ്ഞിന്റെ ദത്ത് നൽകൽ പ്രക്രിയ ആരംഭിക്കേണ്ടതുണ്ട്. അതിനാൽ, പുതിയ അതിഥിക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ഉടൻ തന്നെ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.


















































