പാലക്കാട്: മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് കരിമ്പ എടക്കുറുശ്ശി സ്വദേശി രാജു(55) ആണ് മരിച്ചത്. തച്ചമ്പാറ തെക്കുംപുറത്ത് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച കമ്പ് ശരീരത്തിൽ പതിച്ചു. ഇതിനിടെ അരയിൽ കെട്ടിയിരുന്ന കയർ മുറുകുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കനാൽ നവീകരണത്തിന്റെ ഭാഗമായി മരം മുറിക്കൽ പ്രവൃത്തി സ്വകാര്യ വ്യക്തി ഏറ്റെടുത്തിരുന്നു. ഇതിലെ കരാർ തൊഴിലാളിയാണ് മരണപ്പെട്ട രാജു.
കയർ അരയിൽ കുടുങ്ങിയതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും മണിക്കൂറുകളോളം ഇദ്ദേഹം താഴെയിറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങിപ്പോയി. തുടർന്ന് മണ്ണാർക്കാട് നിന്നുള്ള അഗ്നിശമന സേനയെത്തി വല കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.