കണ്ണൂർ: സെൻട്രൽ ജയിൽ കഴിയുന്ന കാപ്പ തടവുകാരൻ സ്ത്രീയെ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തിയതായി ആക്ഷേപം. കണ്ണൂർ ജയിലിൽ ഒന്നാംബ്ലോക്ക് 15-ാം സെല്ലിൽ കഴിയുന്ന തൃശ്ശൂർ പുതുക്കാട് കല്ലൂരിലെ താഴെക്കാട്ടിൽ ഗോപകുമാറിന് (45) എതിരെയാണ് ആക്ഷേപമുയർന്നത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. പിന്നീടി ഗോപകുമാറിനെ അതിസുരക്ഷയുള്ള 10-ാം ബ്ലോക്കിലേക്ക് മാറ്റി.
തന്നെ ഭീഷണിപ്പെടുത്തിയുള്ള ഫോൺസംഭാഷണം റെക്കോഡ് ചെയ്ത് സ്ത്രീ പോലീസിനും സെൻട്രൽ ജയിൽ സൂപ്രണ്ടിനും പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സെല്ലിൽ ഗോപകുമാർ സാധനങ്ങൾ സൂക്ഷിക്കുന്ന സഞ്ചിയിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇതിന്റെ സിംകാർഡ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു. അതേസമയം ഗോപകുമാർ ജയിലിൽനിന്ന് പലരെയും ഫോണിൽ വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജയിലിൽ ലഹരി ഉപയോഗത്തിനാണ് ഇയാൾ പണം ആവശ്യപ്പെടുന്നതെന്നും മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മേയിലാണ് ഗോപകുമാർ സെൻട്രൽ ജയിലിലെത്തിയത്. വെള്ളിയാഴ്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങേണ്ടതായിരുന്നു. ഇതിനിടെയാണ് ഫോൺ വിളിച്ചുള്ള ഭീഷണി. പുറത്തുള്ള സംഘത്തിന് പണം ഓൺലൈൻ വഴി നൽകിയാലേ ജയിലിൽ ലഹരി ലഭിക്കുകയുള്ളൂ. ഇതിനാണ് സ്ത്രീയെ ഫോൺ വിളിച്ച് സംഘാംഗത്തിന് പണമയക്കാൻ ആവശ്യപ്പെട്ടത്. യുവതി വിസമ്മതിച്ചപ്പോഴായിരുന്നു ഭീഷണി. അന്വേഷണത്തിൽ ഗോപകുമാർ പലവട്ടം ഇവരെ ഫോൺ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പല പ്രാവശ്യം ഫോണും ലഹരി വസ്തുക്കളും പിടി കൂടിയിട്ടുണ്ട്. സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരിയും എത്തിക്കുന്നവരെ നിയന്ത്രിക്കുന്നത് മുൻ തടവുകാർ ഉൾപ്പെടെയുള്ളവരുടെ സംഘമാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിനുശേഷം സെൻട്രൽ ജയിലിൽ പരിശോധന കർശനമാക്കിയെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ അതേ സ്ഥലത്തുനിന്നാണ് വീണ്ടും ഫോൺ പിടികൂടിയത്.
















































