ബെംഗളൂരു: മൂന്ന് ദിവസം മുമ്പ് കാണാതായ നാലര വയസുക്കാരിയെ ക്രൂരമായി കൊല്ലപ്പട്ട നിലയിൽ കണ്ടെത്തി. വിട്ടഗനഹള്ളിക്കടുത്തുള്ള ഭോലു ഗുട്ടയിലെ യൂക്കാലിപ്‌റ്റസ്തോ ട്ടത്തിലാണ് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ഷെഡിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. മധുരപലഹാരങ്ങളോ സമ്മാനങ്ങളോ നൽകി പ്രലോഭിപ്പിച്ചാകാം പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിൽ കുട്ടിയെ കണ്ടത്താനായില്ല, തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്നേ ദിവസം രാത്രിയോടെയാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. തിരിച്ചറിയാതിരിക്കാൻ പ്രതികൾ കുട്ടിയുടെ മുഖം കല്ലുകൊണ്ട് ഇടിച്ചു വികൃതമാക്കി. മൃതദേഹം പൂർണ്ണമായും വിവസ്ത്രമായ നിലയിലായിരുന്നു. അതിനാൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.അസം സ്വദേശികളായ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. വിട്ടസാന്ദ്രയിലെ താൽക്കാലിക ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
കുട്ടിയുടെ പിതാവ് അപ്പാർട്ട്‌മെന്റിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരനായും ആക്രി ശേഖരിക്കുന്നയാളായും ജോലി ചെയ്തു വരികയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.



















































