പെർത്ത്: അമിതമായി മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ 51കാരൻ മരിച്ച സംഭവത്തിൽ ബ്രിട്ടീഷ് വനിത കുറ്റമേറ്റു. അനുവദനീയമായതിലും അധികം മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഓസ്ട്രേലിയയിലെ കോടതി മുൻപാകെ യുവതി കുറ്റമേറ്റത്. ഓസ്ട്രേലിയ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് വനിത അലീസിയ കെംപ് (25) വിധി കാത്ത് ഓസ്ട്രേലിയയിൽ തടവിൽ കഴിയുകയാണ്.
സുഹൃത്തിനൊപ്പമാണ് ഇവർ മെയ് മാസം ഓസ്ട്രേലിയയിലെ പെർത്തിൽ എത്തിയത്. ഇവിടെ ഒരു ബാറിൽ കയറി അമിതമായി മദ്യപിച്ച അലീസിയയെയും സുഹൃത്തിനെയും ഇവിടെ നിന്നും പുറത്താക്കി. പിന്നീട് ഇരുവരും ഇലക്ട്രിക് സ്‌കൂട്ടറുമായി മുന്നോട്ട് പോയി. വഴിമധ്യേ റോഡ് മുറിച്ചുകടക്കാൻ റോഡരികിൽ കാത്തുനിന്ന 51കാരനായ തൻ ഫാനെ ഇവർ ഇടിച്ചിട്ടു. റോഡിൽ തലയിടിച്ച് വീണ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നാം നാൾ മരിച്ചു.
കെംപിൻ്റെ സുഹൃത്തിനും അപകടത്തിൽ തലയ്ക്കും മൂക്കിനും പരിക്കേറ്റു. ഇന്ന് കോടതി മുൻപാകെ ഓൺലൈനായി ഹാജരായപ്പോൾ സംഭവത്തിൽ താൻ കുറ്റക്കാരിയാണെന്ന് അലീസിയ സമ്മതിച്ചു. പരമാവധി 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർ ഏറ്റിരിക്കുന്നത്. സിവിൽ എഞ്ചിനീയറായിരുന്ന തൻ ഫാന് രണ്ട് മക്കളുണ്ട്. ഡിസംബറിന് മുൻപ് അലീസിയയുടെ കേസിൽ വിധി വരുമെന്നാണ് കരുതുന്നത്. അതുവരെ അവർ തടവിൽ കഴിയും.