പൂനെ: മഹാരാഷ്ട്രയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയിൽ യുവാവ് കൊക്കയിൽ വീണ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. 25-കാരനായ കേതൻ വിശാൽ അഗർവാളിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിശ്രുത വധു സിയ ഗോയൽ (20), കാമുകൻ ചേതൻ ചൗധരി (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്ന് കേതനെ താഴ്വരയിലേക്ക് തള്ളിയിട്ടതായാണ് അന്വേഷണത്തിൽ വ്യക്തമായത്.
ജൂൺ 19-നായിരുന്നു 350 അടി താഴ്ചയുള്ള താഴ്വരയിലേക്ക് വീണ് കേതൻ മരിച്ചത്. അടുത്ത മാസം നടക്കാനിരുന്ന വിവാഹത്തിന് മുന്നോടിയായി സിയയുടെ ജന്മദിനാഘോഷത്തിനായി കേതനും സിയയും സുഹൃത്തുക്കളും ചേർന്ന് കോട്ട സന്ദർശിക്കുകയായിരുന്നു. എന്നാൽ വീട്ടുകാർ നിശ്ചയിച്ച ഈ വിവാഹത്തോട് സിയയ്ക്ക് താൽപര്യമില്ലായിരുന്നു. തന്റെ പ്രണയത്തിന് തടസമായി നിന്ന കേതനെ ഒഴിവാക്കാൻ സിയയും ചേതനും ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തതായാണ് പൊലീസ് പറയുന്നത്. സംഭവം അപകടമരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം.
മെയ് 31-ന് കേതനൊപ്പം ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിന് പോയപ്പോഴാണ് കൊലപാതക ആശയം സിയയുടെ മനസിൽ രൂപപ്പെട്ടത്. തുടർന്ന് ജൂൺ 14-ന് വീണ്ടും കേതനെ കോട്ടയിലെത്തിച്ച് പാമ്പ് വരുന്നതായി ഭയപ്പെടുത്തി താഴ്വരയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.
ഇതിനിടെ, സിയയുടെ ജന്മദിനാഘോഷത്തിനായി മഹാബലേശ്വറിലെ ആഡംബര റിസോർട്ടിൽ 40-ലധികം മുറികൾ ബുക്ക് ചെയ്തിരുന്നു കേതൻ. അതിനിടെയാണ് പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി വീണ്ടും ലോഹഗഡിലേക്ക് പോകണമെന്ന് സിയ നിർബന്ധം പിടിച്ചത്. ജയ്പൂരിലെ കൊട്ടാരത്തിൽ രാജകീയമായി നടത്താനിരുന്ന വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് ഈ ക്രൂരകൃത്യം നടന്നത്.
വിവാഹച്ചടങ്ങുകൾക്കായി ഉദയ്പുരിലെ 17 കോടി രൂപ വിലമതിക്കുന്ന കൊട്ടാരവും അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങളും കേതൻ ബുക്ക് ചെയ്തിരുന്നു.
ആദ്യഘട്ടത്തിൽ, കോട്ടയുടെ അരികിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കേതൻ കാൽവഴുതി വീണതാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ മികച്ച ട്രെക്കറായിരുന്ന കേതന് ഇത്തരമൊരു അപകടം സംഭവിക്കാൻ സാധ്യത കുറവാണെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികൾ അന്വേഷണ സംഘത്തിൽ സംശയം ജനിപ്പിച്ചു.
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് നാലാം ദിവസം കേതന്റെ വീട്ടിലെത്തിയ സിയയുടെ അസ്വാഭാവിക പെരുമാറ്റവും പരസ്പരവിരുദ്ധമായ മൊഴികളും കുടുംബാംഗങ്ങളുടെ സംശയം വർധിപ്പിച്ചു. തുടർന്ന് സിയയുടെ മൊബൈൽ ഫോൺ രേഖകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ സിയയും ചേതനും 2,004 തവണ ഫോണിൽ ബന്ധപ്പെട്ടതായും ഏകദേശം 238 മണിക്കൂർ സംസാരിച്ചതായും പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന ജൂൺ 18-ന് രാവിലെ 7 മണി മുതൽ വൈകിട്ട് 5.40 വരെ ചേതൻ മൊബൈൽ ഇന്റർനെറ്റ് ഓഫ് ചെയ്തിരുന്നു. സ്വന്തം ലൊക്കേഷൻ മറച്ചുവയ്ക്കാൻ ഫോൺ ഒരു കടയിൽ വച്ച്, മറ്റൊരാളുടെ ഫോൺ ഉപയോഗിച്ചാണ് യാത്ര ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായി.













































