ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കുർണൂലിൽ മുൻ കാമുകനോടുള്ള പ്രതികാരത്തിൽ അയാളുടെ ഭാര്യയുടെ ശരീരത്തിൽ എച്ച്‌ഐവി ബാധയുള്ള രക്തം കുത്തിവച്ചു. സംഭവത്തിൽ യുവതിയും അവരുടെ കൂട്ടാളികളും അടക്കം 4 പേർ അറസ്റ്റിൽ. 34 വയസുള്ള ബി ബോയ വസുന്ധര എന്ന സ്ത്രീയാണ് പ്രധാനപ്രതി. ഇവരെ സഹായിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്സ് കോംഗെ ജ്യോതി, ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മറ്റു പ്രതികളെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം ഡോക്ടറായ യുവാവുമായി വസുന്ധര പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ യുവാവ് പ്രണയം അവസാനിപ്പിച്ചു. വസുന്ധര അതുൾക്കൊള്ളാൻ തയ്യാറായില്ല. ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതോടെ നിരാശ പകയായി. തുടർന്നാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ഡോക്ടറും അസിസ്റ്റന്റ് പ്രൊഫസറുമാണ് ഇരയായ യുവതി. ഇവരെ തന്റെ നിയന്ത്രണത്തിൽ വിട്ടുകിട്ടാൻ വസുന്ധര ഒരു കൃത്രിമ റോഡപകടം സൃഷ്ടിച്ചു. ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് സ്‌കൂട്ടറിൽ പോയ്‌കൊണ്ടിരുന്ന യുവതിയെ വിനായക ഘട്ടിലെ കെ.സി കനാലിനടുത്ത് മോട്ടോർ സൈക്കിളിൽ വന്ന രണ്ടുപേർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യുവതി നിലത്ത് വീണതോടെ സഹായിക്കാനെന്ന വ്യാജേന എത്തിയ വസുന്ധര ഓട്ടോയിൽ ആസ്പത്രിയിലെത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ പിടിച്ചെഴുന്നേൽപ്പിക്കുകയും പരുക്കില്ലെന്ന് പറഞ്ഞ് പോകാൻ ശ്രമിച്ച യുവതിയുടെ ശരീരത്തിൽ രക്തം കുത്തി വയ്ക്കുകയുമായിരുന്നു.
യുവതിയുടെയും ഭർത്താവിന്റെയും പരാതിയിൽ കേസെടുത്ത പോലീസ് വസുന്ധരയെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുള്ള എച്ച്‌ഐവി രോഗികളിൽ നിന്ന് രക്ത സാമ്പിൾ നഴ്‌സിന്റെ സഹായത്തോടെ ശേഖരിച്ച വസുന്ധര പിന്നീട് അത് റഫറിജേറ്ററിൽ സൂക്ഷിച്ചു. പിന്നീട് നഴ്‌സിന്റെ മക്കളുടെ സഹായത്തോടെയാണ് വാഹനാപകടം സൃഷ്ടിച്ചത്. നാല് പേരും ഇപ്പോൾ റിമാൻഡിലാണ്.
യുവതിക്കു ഉടനെ തന്നെ ചികിത്സ ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഡോക്ടറായതിനാൽ, ടെസ്റ്റുകളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും യുവതിക്കു അറിയാമായിരുന്നു. ഈ വൈറസിനെ ശീതീകരിച്ച് സൂക്ഷിച്ചാലും ദിവസങ്ങളോളം അതിജീവിക്കാൻ കഴിയില്ലെന്നും ശരീരത്തിൽ പുറത്തുനിന്നുള്ള ഒരു വസ്തു പ്രവേശിച്ചതാണ് ആശങ്കയ്ക്ക് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
















































