തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപയുടെ പിഴ. അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും എത്രയും വേഗം നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി തന്നെ ഭരിക്കുന്ന കോർപറേഷൻ പിഴ നോട്ടിസ് നൽകിയത്.
കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായാണു പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ അടങ്ങിയ ബോർഡുകളും ബാനറുകളും തലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. നടപ്പാതകൾക്കു കുറുകെയും ഡിവൈഡറുകളിലും വരെ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവ 2 മണിക്കൂറിനുള്ളിൽ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ കത്ത് നൽകി. എന്നാൽ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോർഡുകൾ മാറ്റിയതൊഴിച്ചാൽ കാര്യമായ ഇടപെടൽ പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ല.
ഇതോടെ കോർപ്പറേഷൻ വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള റോഡിൽ സ്ഥാപിച്ച ബോർഡുകളുടെയും മറ്റും കണക്കെടുത്തു. തുടർന്നാണ് കോർപറേഷൻ സെക്രട്ടറി പിഴ നോട്ടിസ് നൽകിയത്. ആദ്യ നോട്ടിസിന് മറുപടി നൽകിയില്ലെങ്കിൽ നിശ്ചിത ദിവസങ്ങൾക്കകം രണ്ടാമത് നോട്ടിസ് നൽകുകയാണ് അടുത്ത നടപടിക്രമം. ഇതിനും മറുപടി കിട്ടിയില്ലെങ്കിൽ രണ്ടു തവണ ഹിയറിങ് നടത്തണം. ഈ ഹിയറിങ്ങിലും പങ്കെടുത്തില്ലെങ്കിൽ ജപ്തി നടപടികളിലേക്കു കടക്കാമെന്ന് റവന്യു വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.













































