അൽവാർ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീയും അഞ്ച് കൊലപാതകങ്ങൾ ചെയ്ത യുവാവും വിവാഹിതരാകാൻ പോകുന്നതായി റിപ്പോർട്ട്. രാജസ്ഥാനിലെ അൽവാറിലാണ് ഈ സംഭവം നടക്കുന്നത്. ജയിലിൽ വച്ച് പ്രണയത്തിലായ പ്രിയ സേഠ് എന്നറിയപ്പെടുന്ന നേഹ സേഠും ഹനുമാൻ പ്രസാദുമാണ് വിവാഹിതരാകുന്നത്. ഇരുവർക്കും വിവാഹിതരാകാനായി 15 ദിവസത്തെ അടിയന്തര പരോൾ രാജസ്ഥാൻ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.
പ്രിയ സേഠ് നിലവിൽ ജയ്പൂരിലെ സംഗാനർ ഓപ്പൺ ജയിലിലാണ് ജീവപര്യന്തം തടവ് അനുഭവിക്കുന്നത്. ഹനുമാൻ പ്രസാദും ഇതേ ജയിലിലായിരുന്നു. 2018-ൽ രാജസ്ഥാനെ നടുക്കിയ ദുഷ്യന്ത് ശർമ്മ എന്ന യുവാവിന്റെ കൊലപാതകക്കേസിലെ പ്രതിയാണ് പ്രിയ സേഠ്. ടിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദുഷ്യന്തിനെ പ്രിയ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ തടങ്കലിലാക്കി പിതാവിനോട് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതിൽ മൂന്ന് ലക്ഷം രൂപ ലഭിച്ചു. അതിനിടെ ദുഷ്യന്തിന്റെ ഡെബിറ്റ് കാർഡുമായി പുറത്തുപോയ പ്രിയ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതോടെ പിടിവീഴുമെന്ന് ഉറപ്പായി. ഇതോടെ കൂട്ടാളികളുമായി ചേർന്ന് ദുഷ്യന്തിനെ കൊന്ന് ശരീരം വെട്ടി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ നിറച്ച് ഡൽഹിയിൽ വിജനമായ പ്രദേശത്ത് ഉപേക്ഷിച്ചു. കാമുകനായ ദിക്ഷന്ത് കമ്രയുടെ കടബാധ്യത തീർക്കാനായിരുന്നു ഇവർ ദുഷ്യന്തിനെ ബന്ധിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടത്.
അതേസമയം ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഹനുമാൻ പ്രസാദ് ജയിലിൽ കിടക്കുന്നത്. തന്നേക്കാൾ 10 വയസ് മുതിർന്ന തായ്‌ക്വോണ്ടോ താരമായ സന്തോഷ് എന്ന കാമുകിയുടെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയത്. 2017 ഒക്ടോബർ 2-ന് രാത്രി, ഇവർ ഭർത്താവിനെ കൊല്ലാൻ പ്രസാദിനെ വീട്ടിലേക്ക് വിളിച്ചു. പ്രസാദ് ഒരു സഹായിയുമായി അവിടെയെത്തുകയും കശാപ്പ് കത്തി ഉപയോഗിച്ച് സന്തോഷിന്റെ ഭർത്താവ് ബൻവാരി ലാലിനെ കൊലപ്പെടുത്തുകയും ചെയ്തു. സന്തോഷിന്റെ മൂന്ന് കുട്ടികളും അവരോടൊപ്പം താമസിച്ചിരുന്ന ഒരു ബന്ധുവും ഈ കൊലപാതകത്തിന് സാക്ഷിയായി. പിടിപെടുമെന്ന് ഭയന്ന സന്തോഷ്, തന്റെ കുട്ടികളെയും ബന്ധുവിനെയും കൂടി കൊല്ലാൻ ആവശ്യപ്പെട്ടു. പ്രസാദ് അതെല്ലാം അനുസരിക്കുകയും ചെയ്തു.
ഇതിനിടെ കൊല്ലപ്പെട്ട ദുഷ്യന്ത് ശർമ്മയുടെ കുടുംബം പരോളിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിന് വലിയ ഭീഷണിയായ ഇത്തരം കുറ്റവാളികൾക്ക് പരോൾ നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ഉയരുന്ന വിമർശനം.
















































