ഡാവോസ് / വാഷിങ്ടൺ: ഇറാനെ കേന്ദ്രീകരിച്ച് അമേരിക്കൻ നാവിക സേനയുടെ വലിയൊരു കപ്പൽസമൂഹം (armada) ഗൾഫ് മേഖലയിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് മടങ്ങവെ എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇറാനെ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു സൈനിക ശക്തിയാണ് ആ ദിശയിലേക്ക് നീങ്ങുന്നത്. ഒന്നും സംഭവിക്കേണ്ടി വരരുതെന്നാണ് ആഗ്രഹം, എന്നാൽ അവർക്ക് മേൽ ഞങ്ങൾ കർശനമായ ശ്രദ്ധ പുലർത്തുന്നു,” ട്രംപ് പറഞ്ഞു.
“ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കട്ടെ. എന്നാൽ മുൻകരുതലായി നിരവധി കപ്പലുകൾ അവിടേക്ക് അയച്ചിട്ടുണ്ട്. എന്താണ് സംഭവിക്കുകയെന്ന് കാത്തുനോക്കാം,”- അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ട്രംപിന്റെ പുതിയ പ്രസ്താവന, ഇറാനെതിരായ സൈനിക നടപടികളിൽ നിന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം പിന്നോട്ടുവന്നുവെന്ന വിലയിരുത്തലുകൾക്കിടെയാണ്. പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ വധശിക്ഷയ്ക്ക് വിധിക്കില്ലെന്ന് ടെഹ്‌റാനിൽ നിന്നു ലഭിച്ച ഉറപ്പിനെ തുടർന്നാണ് അന്ന് നിലപാട് മൃദുവാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
അതേസമയം, യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സൗത്ത് ചൈനാ കടലിൽ സൈനിക അഭ്യാസങ്ങളിൽ ഏർപ്പെട്ടിരുന്ന USS എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലും അതിന്റെ സ്‌ട്രൈക്ക് ഗ്രൂപ്പും മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചു വിടാൻ പെന്റഗൺ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ യുഎസ് സൈനിക ആസ്തികൾ മേഖലയിലെത്തുമെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ ഇറാനെതിരെ നൽകിയ മുന്നറിയിപ്പുകൾ മൂലം 800-ലധികം പ്രതിഷേധകരുടെ വധശിക്ഷ തടയാൻ കഴിഞ്ഞുവെന്ന അവകാശവാദവും ട്രംപ് വീണ്ടും ആവർത്തിച്ചു. ഇറാൻ നേതൃത്വവുമായി ചർച്ചയ്ക്ക് താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വധശിക്ഷാ പദ്ധതികൾ ഉണ്ടായിരുന്നുവെന്ന ആരോപണം ഇറാൻ ശക്തമായി നിഷേധിച്ചു. കഴിഞ്ഞ ഡിസംബർ അവസാനം ആരംഭിച്ച സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ 3,117 പേർ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 2,427 പേർ സാധാരണ പൗരന്മാരും സുരക്ഷാ സേനാംഗങ്ങളുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡാവോസിൽ നിന്നുള്ള CNBC അഭിമുഖത്തിൽ, ഇറാനെതിരെ വീണ്ടും സൈനിക നടപടി ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇറാൻ ആണവ പദ്ധതി പുനരാരംഭിച്ചാൽ യുഎസ് ഇടപെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “അവർക്ക് ആണവായുധം പാടില്ല. അത് സംഭവിച്ചാൽ വീണ്ടും നടപടി ഉണ്ടാകും,” ട്രംപ് വ്യക്തമാക്കി. 2025 ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളെ അദ്ദേഹം പരാമർശിച്ചു. അന്ന് ഇസ്രയേലിനൊപ്പം 12 ദിവസത്തെ യുദ്ധത്തിൽ യുഎസ് പങ്കെടുത്തിരുന്നു.
ഇതിനിടെ, വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി, യുഎസ് ആക്രമണമുണ്ടായാൽ “ഉള്ളതെല്ലാം ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന്” മുന്നറിയിപ്പ് നൽകി.“വീണ്ടും ആക്രമണം ഉണ്ടായാൽ ശക്തമായി പ്രതികരിക്കാൻ ഞങ്ങളുടെ സായുധ സേനയ്ക്ക് യാതൊരു മടിയും ഇല്ല. ഇത് ഭീഷണിയല്ല, യാഥാർഥ്യമാണ്,” അറാഘ്ചി വ്യക്തമാക്കി. ഒരു സമ്പൂർണ യുദ്ധം മേഖല മുഴുവൻ വ്യാപിക്കുകയും ലോകമെമ്പാടുമുള്ള സാധാരണ ജനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.















































