ദാവോസ്: സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെയാണ് ഡൊണാൾഡ് ട്രംപ് തന്റെ നേതൃത്വ ശൈലി ഏകാധിപത്യസ്വഭാവമുള്ളതാണെന്ന് പരാമർശിച്ചത്. ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുനേരെ ഭീഷണികൾ മുഴക്കിയിരുന്ന ട്രംപ് അക്കാര്യത്തെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്.
‘അത്ഭുതകരമെന്ന് പറയട്ടെ എന്റെ പ്രസംഗത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്’. (യൂറോപ്യൻ രാഷ്ട്രങ്ങൾ) ഞാനൊരു ഒരു ഏകാധിപതിയാണെന്ന് പറഞ്ഞേക്കാം. ഞാൻ ഒരു ഏകാധിപതിയാണ്. ചിലപ്പോൾ നിങ്ങൾക്ക് ഒരു ഏകാധിപതി ആവശ്യമായി വരും’ ട്രംപ് പറഞ്ഞു.ദേശസുരക്ഷയെക്കരുതി ഡെൻമാർക്കിൽനിന്ന് യുഎസ് ഗ്രീൻലൻഡ് കരസ്ഥമാക്കുന്ന കാര്യത്തിൽ അടിയന്തര ചർച്ചവേണമെന്നും ട്രംപ് പറഞ്ഞു. ഭൂമിയിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിനെ ‘ഐസ് കഷണം’ എന്നാണ് ട്രംപ് വിളിച്ചത്. ഈ വലിയഭൂമിയെ, ഭീമൻ ഐസ് കഷണത്തെ സംരക്ഷിക്കാൻ യുഎസിനുമാത്രമേ കഴിയുകയുള്ളൂവെന്നും അതാണ് അടിയന്തര ചർച്ചവേണമെന്നു താൻ പറയുന്നതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ”ഡെൻമാർക്കിന് ഒരു തിരഞ്ഞെടുപ്പേയുള്ളൂ. നിങ്ങൾക്ക് ഓകെ പറയാം. ഞങ്ങൾ അതിനെ ഏറെ അഭിനന്ദിക്കും. അല്ലെങ്കിൽ പറ്റില്ലെന്നു പറയാം. പക്ഷേ, അത് ഞങ്ങളോർക്കും. കരുത്തുറ്റതും സുരക്ഷിതവുമായ അമേരിക്കയെന്നാൽ കരുത്തുറ്റ നാറ്റോ എന്നുതന്നെയാണ് അർഥം” -പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.
സൈനികനടപടിയിലൂടെ ഡെൻമാർക്കിൽനിന്ന് ഗ്രീൻലൻഡ് പിടിക്കുമെന്ന ദിവസങ്ങളായുള്ള ഭീഷണിയിൽ അദ്ദേഹം അയവുവരുത്തി. ഗ്രീൻലൻഡിനുമേൽ ബലപ്രയോഗമുണ്ടാകില്ലെന്നാണ് ഇപ്പോൾ ട്രംപ് പറയുന്നത്. മുമ്പ്, ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള തന്റെ നീക്കത്തെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കുനേരെ ട്രംപ് തീരുവ ഭീഷണി മുഴക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവചുമത്തുമെന്നും വേണ്ടിവന്നാൽ അത് 100 വരെയാക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. ഇതേതുടർന്ന്, യുഎസുമായി വ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ചർച്ച യൂറോപ്യൻ യൂണിയൻ നിർത്തിവെച്ചു.
നാറ്റോ അംഗരാജ്യമായ ഡെൻമാർക്കിനുകീഴിലെ അർധസ്വയംഭരണപ്രദേശമാണ് ആർട്ടിക്കിൽ സ്ഥിതിചെയ്യുന്ന ഗ്രീൻലൻഡ്. ഗ്രീൻലൻഡ് വാങ്ങുന്നതിനെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ യൂറോപ്പിലെ നാറ്റോ അംഗരാജ്യങ്ങളും യുഎസും വലിയ ഭിന്നതയിലാണ്. . ഗ്രീൻലൻഡിനെ യുഎസ് ബലമായി കൈവശപ്പെടുത്താൻ നോക്കിയാൽ അത് നാറ്റോയുടെ തകർച്ചയ്ക്കു വഴിവെക്കുമെന്ന ആശങ്കയുമുണ്ട്.
















































