നാഗ്പുർ: അഭിഷേക് ശർമയുടെ കിടിലൻ ബാറ്റിങ്ങിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയി ആദ്യ മത്സരത്തിൽ വിജയത്തോടെ തുടക്കമിട്ട് ഇന്ത്യ. ഏകദിന പരമ്പരയിലെ തോൽവിയുടെ ക്ഷീണം മാറ്റാൻ നാഗ്പുരിൽ ഇറങ്ങിയ ഇന്ത്യ 48 റൺസ് വിജയമാണു സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. മറുപടിയിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാൻ മാത്രമേ ന്യൂസീലൻഡിനു സാധിച്ചുള്ളു. 40 പന്തിൽ 78 റൺസടിച്ച ഗ്ലെൻ ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്കോറർ. മാർക് ചാപ്മാൻ (24 പന്തിൽ 39), ഡാരിൽ മിച്ചൽ (18 പന്തിൽ 28), ടിം റോബിൻസൻ (15 പന്തിൽ 21) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങിയെങ്കിലും വിജയം ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ടെടുത്തു
മറുപടി ബാറ്റിങ്ങിൽ ഒരു റൺസെടുത്തപ്പോൾ തന്നെ ന്യൂസീലൻഡിന്റെ രണ്ട് വിക്കറ്റുകൾ ഇന്ത്യ തെറുപ്പിച്ചിരുന്നു. അർഷ്ദീപ് സിങ്ങിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഡെവോൺ കോൺവെയും ഹാർദിക് പാണ്ഡ്യയുടെ രണ്ടാം ഓവറിലെ മൂന്നാം ഓവറിൽ രചിൻ രവീന്ദ്രയും പുറത്തായി. ഓപ്പണർ ടിം റോബിൻസണിനൊപ്പം ഗ്ലെൻ ഫിലിപ്സും കൂടി ചേർന്നതോടെ കിവീസ് സ്കോർ ഉയർന്നത്. റൺസ് 52 കടന്നതിനു പിന്നാലെ ടിം റോബിൻസനെ വരുൺ ചക്രവർത്തി ശിവം ദുബെയുടെ കൈകളിലെത്തിച്ചു. 29 പന്തുകളിൽനിന്നാണ് ഗ്ലെൻ ഫിലിപ്സ് അർധ സെഞ്ചുറി നേടിയത്. അക്ഷർ പട്ടേലിന്റെ പന്തിൽ ശിവം ദുബെ ക്യാച്ചെടുത്ത് ഗ്ലെൻ ഫിലിപ്സ് പുറത്തായതോടെ കിവീസ് സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു. മധ്യനിരയിൽ മാർക് ചാപ്മാനും പിടിച്ചുനിന്നെങ്കിലും വലിയ സ്കോറിലെത്താൻ സാധിക്കാതെ പോയി. 39 റൺസടിച്ച ചാപ്മാനെ വരുൺ ചക്രവർത്തിയാണു വീഴ്ത്തിയത്.
അതേസമയം അവസാന മൂന്നോവറുകളിൽ 73 റൺസായിരുന്നു ന്യൂസീലൻഡിനു ജയിക്കാൻ വേണ്ടിയിരുന്നത്. ഡാരിൽ മിച്ചലും മിച്ചൽ സാന്റ്നറും ക്രീസിലുണ്ടായിട്ടും ഫലമില്ലാതെ പോയി. അവസാന ഓവറിൽ ഡാരിൽ മിച്ചലിന്റേതുൾപ്പെടെ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ ശിവം ദുബെ, കിവീസിനെ 190 റൺസിൽ ഒതുക്കി. ഇന്ത്യയ്ക്കായി ശിവം ദുബെയും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർക്ക് ഓരോ വിക്കറ്റുകൾ വീതമുണ്ട്.
ഇന്ത്യൻ നിരയിൽ അർധ സെഞ്ചുറി നേടിയ അഭിഷേക് ശർമയാണ് ടോപ് സ്കോറർ. 35 പന്തുകൾ നേരിട്ട അഭിഷേക് എട്ട് സിക്സുകളും അഞ്ച് ഫോറുകളും ഉൾപ്പടെ 84 റൺസെടുത്തു പുറത്തായി. റിങ്കു സിങ് (20 പന്തിൽ 44), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (22 പന്തിൽ 32), ഹാർദിക് പാണ്ഡ്യ (16 പന്തിൽ 25) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. 27 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്കു രണ്ടു വിക്കറ്റുകൾ നഷ്ടമായിരുന്നു. സഞ്ജു സാംസൺ (ഏഴു പന്തിൽ 10), ഇഷാൻ കിഷൻ (അഞ്ച് പന്തിൽ എട്ട്) എന്നിവരാണ് അതിവേഗം പുറത്തായത്. രണ്ടു ഫോറുകൾ അടിച്ച് മികച്ച രീതീയിൽ തുടങ്ങിയ സഞ്ജു രണ്ടാം ഓവറിൽ കൈൽ ജാമീസന്റെ പന്തിലാണു പുറത്തായത്. രചിൻ രവീന്ദ്ര ക്യാച്ചെടുത്താണു സഞ്ജുവിന്റെ മടക്കം. അതേസമയം ജേക്കബ് ഡഫിയുടെ പന്തിലായിരുന്നു ഇഷാൻ കിഷന്റെ മടക്കം.
ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോൾ മറുഭാഗത്ത് തുടർച്ചയായി ബൗണ്ടറികൾ നേടിയ അഭിഷേക് ശർമയാണ് ഇന്ത്യയുടെ റണ്ണൊഴുക്കു കുറയാതെ നോക്കിയത്. 8.4 ഓവറുകളിൽ (52 പന്തുകൾ) ഇന്ത്യ 100 പിന്നിട്ടു. ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ചേർന്ന് അഭിഷേക് ഉണ്ടാക്കിയ 99 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ സുരക്ഷിതമായ നിലയിലെത്തിച്ചു. 11–ാം ഓവറിൽ മിച്ചൽ സാന്റ്നറുടെ പന്തിൽ റോബിൻസൻ ക്യാച്ചെടുത്ത് സൂര്യയെ പുറത്താക്കി. പിന്നാലെ ഹാർദിക് പാണ്ഡ്യ പൊരുതിനിന്നെങ്കിലും ശിവം ദുബെ (ഒൻപത്), അക്ഷർ പട്ടേൽ (അഞ്ച്) എന്നിവർ വന്നപോലെ മടങ്ങി. തകർത്തടിച്ച റിങ്കു സിങ്ങിന്റെ ഇന്നിങ്സാണ് അവസാന ഓവറുകളിൽ ഇന്ത്യയുടെ സ്കോർ ഉയർത്തിയത്.














































