ദാവോസ്: ഗ്രീൻലാൻഡിന് മേലുള്ള അമേരിക്കയ്ക്കാണെന്ന അവകാശവാദം ലോക സാമ്പത്തിക ഫോറത്തിലും ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മറ്റൊരു രാജ്യത്തിനും അമേരിക്കയെപ്പോലെ ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച ട്രംപ് ഗ്രീൻലാൻഡിനെ ഏറ്റെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും ഉറപ്പുനൽകി. എന്നാൽ ഗ്രീൻലാൻഡിന് അമേരിക്കയുടെ സംരക്ഷണം ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
ആർട്ടിക് പ്രദേശം തന്ത്രപരമായി നിർണ്ണായകമാണ്. ഗ്രീൻലാൻഡ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ പ്രദേശമാണെന്നും ട്രംപ് അവകാശപ്പെട്ടു. ഗ്രീൻലാൻഡ് കൈമാറുന്നതിനായി ഡെൻമാർക്ക് ഉടൻ തന്നെ ചർച്ചകൾ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഗ്രീൻലാൻഡിനെ ‘ഒരു ഐസ് കഷണം’ എന്ന് വിശേഷിപ്പിച്ച ട്രംപ് ദ്വീപിൻ്റെ തന്ത്രപരമായ പ്രാധാന്യവുമായി താരതമ്യം ചെയ്യുമ്പോൾ പ്രദേശത്തിന്റെ മേൽ നിയന്ത്രണത്തിനുള്ള അമേരിക്കയുടെ ആവശ്യം പതിറ്റാണ്ടുകളായി നമ്മൾ അവർക്ക് നൽകിയതിനേക്കാൾ വളരെ ചെറിയ ഒരു അഭ്യർത്ഥനയാണെന്നും ചൂണ്ടിക്കാണിച്ചു.
ഈ വലിയ സുരക്ഷിതമല്ലാത്ത ദ്വീപ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ ഭാഗമാണ്. അത് ഞങ്ങളുടെ പ്രദേശമാണ്. പക്ഷെ, ആ കാരണംകൊണ്ടല്ല ഗ്രീൻലൻഡിനെ ഏറ്റെടുക്കുമെന്ന് പറയുന്നത്, ദേശീയ സുരക്ഷയ്ക്ക് അനിവാര്യമായതുകൊണ്ടാണ്. ഇതായിരുന്നു ട്രംപിൻ്റെ വാദം. രണ്ടാം ലോകമഹായുദ്ധ സമയത്ത് അമേരിക്ക ആർട്ടിക് ദ്വീപിന് നൽകിയ സംരക്ഷണത്തിന് ഡെൻമാർക്ക് നന്ദികാട്ടുന്നില്ലെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കായി ഗ്രീൻലാൻഡ് കൈവശം വെക്കെണ്ടതിൻ്റെ ആവശ്യവും ട്രംപ് ആവർത്തിച്ചു. ഗ്രീൻലാൻഡ് വിട്ടുകിട്ടാനുള്ള തന്റെ ശ്രമത്തിനോട് ഇല്ലായെന്ന് പറയുന്നവരെ താൻ മറക്കില്ലെന്നും ട്രംപ് ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു.
അതേസമയം ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് നാറ്റോയ്ക്ക് തിരിച്ചടിയാകുമെന്ന വാദവും ട്രംപ് തള്ളിക്കളഞ്ഞു. യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരിഗണന തരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കിൽ നാറ്റോ ഉണ്ടാകുമായിരുന്നില്ലെന്ന അവകാശവാദവും ഉന്നയിച്ചു.














































