ടെഹ്റാൻ: ഇറാൻ ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ചവർക്ക് നേരെ ജയിലിൽ അതിക്രൂര ശിക്ഷാ നടപടികളെന്നു റിപ്പോർട്ട്. കൊടും തണുപ്പിൽ തടവുകാരെ ഉടുവസ്ത്രമില്ലാതെ തുറന്നുവിടുകയും ഇവർക്കുനേരെ പൈപ്പിൽ വെള്ളം ചീറ്റുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ തിരിച്ചറിയാത്ത വസ്തുക്കൾ സിറിഞ്ച് ഉപയോഗിച്ച് ഇവരുടെ ശരീരത്തിൽ കുത്തിവെക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധക്കാർക്കു നേരെ ഖമേനി സർക്കാർ ക്രൂരപീഡനമാണ് അഴിച്ചുവിടുന്നത്. അതിക്രൂര നടപടികൾക്കാണ് ഇറാനിലെ പ്രതിഷേധക്കാരായ തടവുകാർ നേരിടേണ്ടി വരുന്നതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡെയ്ലി എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്താണെന്ന് പോലും പറയാതെയാണ് പ്രതിഷേധക്കാരിൽ ചിലർക്ക് കുത്തിവെപ്പെടുക്കുന്നതെന്നാണ് റിപ്പോർട്ട്. അതുപോലെ ഇറാനിൽ നിന്ന് പുറത്തുവരുന്ന വീഡിയോകളും അവ്യക്തമായ ഫോൺ സന്ദേശങ്ങളും സ്റ്റാർലിങ്ക് സന്ദേശങ്ങളും സംഭവത്തിന്റെ വ്യാപ്തി എത്രത്തോളം ഭീകരമെന്ന് വെളിപ്പെടുത്തുന്നു. തെരുവുകളിൽ നിരവധി മൃതദേഹങ്ങൾ കുമിഞ്ഞുകൂടിക്കിടക്കുന്നതായുള്ള റിപ്പോർട്ടുകളും ഉണ്ട്.
കറുത്ത ബാഗുകളാക്കി അടുക്കിവെച്ചിരിക്കുന്ന മൃതദേഹങ്ങളിൽ നിന്ന് തങ്ങളുടെ ഉറ്റവരെ തിരയുന്ന കുടുംബാംഗങ്ങളുടെ ചിത്രങ്ങളും ഇറാനിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. അതേസമയം ഡിസംബർ അവസാനവാരത്തോടെയാണ് ഇറാനിൽ ഖമേനി വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയത്. 1979ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷം ഏറ്റവും മാരകമായ പ്രക്ഷോഭമായിരുന്നു രാജ്യത്ത് അരങ്ങേറിയത്. സാമ്പത്തിക തകർച്ചയായിരുന്നു തുടക്കത്തിൽ പ്രതിഷേധക്കാരുടെ വിഷയം. എന്നാൽ പിന്നീട് ഇത് ആയത്തുള്ള ഖമേനി ഭരണകൂടത്തിനെതിരേ തിരിയുകയായിരുന്നു. 45 വർഷമായി ഇറാൻ ഭരിക്കുന്ന പൗരോഹിത്യ ഭരണകൂടത്തിനെതിരായ കനത്ത വെല്ലുവിളിയാണ് പ്രതിഷേധക്കാർ തീർത്തത്. എന്നാൽ പ്രതിഷേധം അടിച്ചമർത്താൻ അതിക്രൂര നടപടികളാണ് ഭരണകൂടം സ്വീകരിച്ചത്. പ്രതിഷേധത്തിൽ 500 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5000 പേർ ചുരുങ്ങിയത് കൊല്ലപ്പെട്ടതായാണ് അധികൃതർ സ്ഥിരീകരിക്കുന്ന കണക്ക്. എന്നാൽ മരണം ഇതിലും കൂടുതലാകാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ജനുവരി എട്ടിന് ഇറാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാർക്ക് നേരെ ക്രൂരത അരങ്ങേറിയത്. നഗരങ്ങളിലും ഗ്രാമങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടു. തെരുവുകൾ മൃതദേഹങ്ങളെക്കൊണ്ട് നിറഞ്ഞു. ഇത് പുറത്തുവരാതിരിക്കാൻ സ്റ്റാർ ലിങ്കിന്റെ സേവനം തടസപ്പെടുത്താൻ ഖമേനി ഭരണകൂടം ചൈനീസ്/ റഷ്യൻ മിലിറ്ററിയുടെ ജാമറുകൾ ഉപയോഗിച്ചു. തുടർന്ന് ആശയവിനിമയോപാധികൾ പിടിച്ചെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി വീടുകൾ കയറിയിറങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇറാനിൽ 300-ലധികം സ്ഥലങ്ങളിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം അടിച്ചമർത്തുന്നതിന് മുമ്പ് സർക്കാരും അവരുടെ വിശ്വസ്തരും തമ്മിൽ അതിരഹസ്യ യോഗം സുരക്ഷാ നെറ്റ്വർക്കുകളിലൂടെ നടന്നു. ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് അനുസരിച്ച് 12,000 പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് വിവരം. മരണസംഖ്യ 20000ത്തോളം എത്തിയതായി ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.














































