കയ്‌റോ: തെക്കൻ ഗാസയിലെ ഡസൻകണക്കിനു പലസ്തീൻ കുടുംബങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 2025 ഒക്ടോബർ 10-ന് ഹമാസുമായി വെടിനിർത്തൽ നിലവിൽവന്നശേഷം ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആദ്യ നിർബന്ധിത ഒഴിപ്പിക്കലാണിത്. കിഴക്കൻ ഖാൻ യൂനിസ് ഗവർണറേറ്റിലെ ബാനി സുഹൈല മേഖലയിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്.
ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) തിങ്കളാഴ്ച വ്യോമമാർഗം ലഘുലേഘകളായി ഇട്ടുനൽകുകയായിരുന്നു. ഈ മേഖല ഐഡിഎഫ് നിയന്ത്രണത്തിലാണെന്നും അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നുമാണ് ലഘുലേഖകളുടെഉള്ളടക്കം. 70 കുടുംബങ്ങളിലായി ഏതാണ്ട് 3000 പലസ്തീൻകാർ ഇവിടെ പാർക്കുന്നുണ്ട്. രണ്ടുവർഷത്തെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വീടുൾപ്പെടെ തകർന്ന് അഭയാർഥിക്കൂടാരത്തിൽ പാർക്കുന്നവരാണ് ഇതിലധികവും.
സുസ്ഥിര വെടിനിർത്തൽ, ഗാസയുടെ പുനർനിർമാണം, ഹമാസിന്റെ നിരായുധീകരണം തുടങ്ങിയവ നടപ്പാക്കാൻ ലക്ഷ്യമിട്ട് യുഎസ് ‘ബോർഡ് ഓഫ് പീസ്’ എന്ന കൂട്ടായ്മ സ്ഥാപിക്കുകയും അതിലേക്ക് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തിരിക്കവെയാണ് ഇസ്രയേലിന്റെ പുതിയ ഒഴിപ്പിക്കൽ നടപടി. ബോർഡ് ഓഫ് പീസിനെ ഇസ്രയേൽ അംഗീകരിക്കുന്നില്ല.
ഗാസയിലെ ഇസ്രയേൽ നിയന്ത്രിത മേഖലകൾ ഐഡിഎഫ് വിപുലീകരിക്കുകയാണെന്ന് ഗാസാ നിവാസികളും ഹമാസും ആരോപിച്ചു. ഇതേക്കുറിച്ച് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യുഎസ് നിർദേശിച്ച 20 ഇന സമാധാനപദ്ധതി പ്രകാരമാണ് കഴിഞ്ഞവർഷം ഒക്ടോബർ പത്തിന് ആദ്യഘട്ടവെടിനിർത്തൽ പ്രാബല്യത്തിലായത്. അതിനുശേഷം കരാർ വ്യവസ്ഥപ്രകാരം ബന്ദികളെയെല്ലാം ഹമാസും ആനുപാതികമായ പലസ്തീൻതടവുകാരും ഇസ്രയേലും മോചിപ്പിച്ചിരുന്നു. എങ്കിലും ഹമാസ് വെടിനിർത്തൽ ലംഘിച്ചെന്നാരോപിച്ച് ഇസ്രയേൽ പലതവണയായി നടത്തിയ ആക്രമണത്തിൽ 400-ലേറെപ്പേർ മരിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വെടിനിർത്തൽ പ്രാബല്യത്തിൽവന്നപ്പോൾ ഇസ്രയേൽ നിയന്ത്രണത്തിലുള്ള മേഖലയുടെ അതിർത്തിയായി നിശ്ചയിച്ച മഞ്ഞരേഖയിലേക്ക് ഐഡിഎഫ് പിന്മാറിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം മുതൽ ഈ രേഖയുടെ അതിർത്തി ഗാസയ്ക്കുള്ളിലേക്ക് കൂടുതൽ മാറി. ഇത് അഞ്ചാംതവണയാണ് സൈന്യം മേഖല വിപുലീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഓരോ വട്ടവും 120-150 മീറ്റർ ഉള്ളിലേക്കുള്ള പ്രദേശമാണ് സൈന്യം വരുതിയിലാക്കിയിരിക്കുന്നത്. തൽഫലമായി 9000 പലസ്തീൻകാർ കുടിയൊഴിപ്പിക്കപ്പെട്ടെന്ന് ഹമാസ് ആരോപിക്കുന്നു.














































