മലപ്പുറം: വരുവാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കുന്ന പിവി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ ഇറക്കും. സംസ്ഥാന പ്രസിഡന്റ് സി.ജി ഉണ്ണിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്നും സി ജി ഉണ്ണി പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും മത്സരിച്ച് നിയമസഭാംഗമായ അൻവർ പിന്നീട് ഇടതു മുന്നണിയിൽ നിന്നും കലഹിച്ച് എംഎൽഎ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ ഇത്തവണ യുഡിഎഫ്പിന്തുണയോടെ ബേപ്പൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപനവും നടത്തി . നിലവിൽ മണ്ഡലത്തിൽ അനൗപചാരിക പര്യടനത്തിനും അൻവർ തുടക്കം കുറിച്ചു. ബേപ്പൂരിൽ നിലവിലെ എംഎൽഎയും മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ മുഹമ്മദ് റിയാസുമായാണ് ഇപ്രാവശ്യം അൻവർ ഏറ്റുമുട്ടുന്നത് എന്നതിനാൽ ഈ മണ്ഡലം ഏറെ ശ്രദ്ധേയമായി മാറുന്നു.
താൻ മത്സരിക്കുന്നത് കുടുംബാധിപത്യത്തിന് എതിരെയാണെന്നും മരുമോനിസമാണ് മുഖ്യമന്ത്രിയെ തകർത്തതെന്നും മണ്ഡലത്തിൽ വോട്ടർമാരെ കാണാനെത്തിയ പിവി അൻവർ പറഞ്ഞിരുന്നു. മരുമോൻ വന്ന ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്. മരുമോനെ കൊണ്ടുവന്നപ്പോൾ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടു. അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അൻവർ പറഞ്ഞു.
ബേപ്പൂരെന്നാൽ എൽഡിഎഫ് പതിവായി ജയിച്ചുകയറുന്ന മണ്ഡലമാണ്. അൻവറിന്റെ വരവോടെ ഇക്കുറി തീപാറും മത്സരം ഇവിടെ നടക്കുമോയെന്നതിലേയ്ക്കാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം അൻവറിന്റെ സ്ഥാനാർഥിത്വത്തിൽ തൃണമൂൽ കോൺഗ്രസ് പ്രകടമാക്കിയിരിക്കുന്ന അതൃപ്തിയും അൻവറിനെതിരെ സ്ഥാനാർഥിയെ നിർത്താനുള്ള നീക്കവും അദ്ദേഹത്തിന് തിരിച്ചടിയാകുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.















































