മലപ്പുറം: കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്. മലപ്പുറത്തെ യുഡിഎഫ് ജനപ്രതിനിധികളിൽ അമുസ്‌ലിങ്ങളുടെ കണക്കുൾപ്പെടെ പറഞ്ഞാണ് വിഎസ് ജോയ് ഫേസ്ബുക്കിലൂടെ സജി ചെറിയാനെതിരെ വിമർശനമുന്നയിച്ചത്.
മതേതരത്വം സംരക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയെ കുന്തവും കുടചക്രവുമായി കാണുന്ന സജി ചെറിയാൻ മതേതരത്വം പൂത്തുലയുന്ന മലപ്പുറത്തെ ആക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതമില്ലെന്ന് ജോയി കുറിക്കുന്നു. അതുപോലെ ചാണകക്കുഴിയിൽ വീണുപോയാൽ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ലെന്നും വിഎസ് ജോയ് പരിഹസിച്ചു. കണക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നറിയാം, എന്നാലും ചില ചൊറിയന്മാരുടെ ചൊറിച്ചിൽ തീർക്കാൻ പറഞ്ഞെന്നേ ഉളളു എന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
വി എസ് ജോയ്‌യുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മലപ്പുറത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ബാനറിൽ ജയിച്ച കോൺഗ്രസ് ജനപ്രതിനിധികളുടെ എണ്ണം 666 ആണ്. അതിൽ അമുസ്ലിം സഹോദരങ്ങളുടെ എണ്ണം 319 ആണ്.. 1456 ജനപ്രതിനിധികളെ വിജയിപ്പിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എപി സ്മിജി ഉൾപ്പെടെ 153 ജനപ്രതിനിധികൾ അമുസ്ലിം സഹോദരങ്ങളാണ്..
അതായത് 472 ൽ അധികം അമുസ്ലിം സഹോദരങ്ങൾ യുഡിഎഫ് ബാനറിൽ മലപ്പുറത്ത് മത്സരിച്ചു വിജയിച്ചവരാണ്. എന്റെ നാടായ പോത്തുകല്ല് പഞ്ചായത്തിലെ വെള്ളിമുറ്റം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത് കോൺഗ്രസുകാരിയും ക്രൈസ്തവ സഹോദരിയുമായ റീന ജിജോ ആണ്.
കണക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നറിയാം..എന്നാലും ചില ചൊറിയൻമാരുടെ ചൊറിച്ചിൽ തീർക്കാൻ പറഞ്ഞെന്നെ ഉള്ളൂ. മതേതരത്വം സംരക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയെ കുന്തവും കുട ചക്രവുമായി കാണുന്ന സജി ചെറിയാൻ മതേതരത്വം പൂത്തുലയുന്ന മലപ്പുറത്തെ ആക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല. ചാണക കുഴിയിൽ വീണുപോയാൽ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ല.
വി എസ് ജോയ് 💙💙














































