ടെഹ്റാൻ: രാജ്യത്തിനെതിരായ കലാപങ്ങൾ എന്ന് ഭരണകൂടം വിശേഷിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് മൂന്ന് ദിവസത്തിനകം (72 മണിക്കൂർ) കീഴടങ്ങാൻ ഇറാന്റെ അന്ത്യശാസനം. ഇറാൻ ദേശീയ പോലീസ് മേധാവി അഹമ്മദ്-റേസ റാദാൻ കർശന അന്ത്യശാസനം നൽകിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ കീഴടങ്ങാത്തവർ നിയമത്തിന്റെ മുഴുവൻ കാഠിന്യം നേരിടേണ്ടിവരുമെന്നും അദ്ദേഹം തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസി AFP റിപ്പോർട്ട് ചെയ്തു.
സമീപവർഷങ്ങളിൽ ഇറാൻ ഭരണകൂടം നേരിട്ട കനത്ത വെല്ലുവിളിയായിരുന്നു പ്രക്ഷോഭം. അതേസമയം ഇന്റർനെറ്റ് ബ്ലാക്കൗട്ട് 11-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതുമൂലം അക്രമങ്ങളുടെ യഥാർത്ഥ വ്യാപ്തി വ്യക്തമല്ല. എന്നാൽ മനുഷ്യാവകാശ സംഘടനകൾ പറയുന്നതനുസരിച്ച്, സർക്കാരിന്റെ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതൽ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്, കലാപങ്ങളിൽ കുറഞ്ഞത് 5,000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെക്കുറിച്ച് റാദാൻ പറയുന്നതിങ്ങനെ- “കലാപങ്ങളിൽ അനവധിയായി ഉൾപ്പെട്ട യുവാക്കളെ വഞ്ചിതരായ വ്യക്തികളായാണ് കാണുന്നത്; അവർ ശത്രുസൈനികരല്ല,” അദ്ദേഹം സ്റ്റേറ്റ് ടിവിയോട് പറഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ കീഴടങ്ങുന്നവർക്ക് ഇളവുകൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വിദേശ ഇടപെടൽ ആരോപിച്ച് ഇറാൻ
പ്രതിഷേധങ്ങൾ ആദ്യം സമാധാനപരമായിരുന്നുവെങ്കിലും പിന്നീട് അമേരിക്കയും ഇസ്രയേലും ഉൾപ്പെടെയുള്ള വിദേശ ശക്തികളുടെ ഇടപെടലാൽ അക്രമത്തിലേക്ക് വഴിതെറ്റിയതാണെന്ന് ഇറാനിയൻ ഭരണകൂടം ആരോപിക്കുന്നു. പ്രതിഷേധങ്ങൾക്ക് കാരണമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് പ്രസിഡൻറ്, പാർലമെന്റ് സ്പീക്കർ, ജുഡീഷ്യറി മേധാവി എന്നിവർ ചേർന്ന് പ്രസ്താവന പുറത്തിറക്കിയതായി AFP റിപ്പോർട്ട് ചെയ്തു.
അതേസമയം, “ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്ക് കടുത്ത ശിക്ഷ” ഉറപ്പാക്കിയതായും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. പ്രസ്താവനയിൽ പ്രസിഡൻറ് മസൂദ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഖിർ ഖാലിബാഫ്, ജുഡീഷ്യറി മേധാവി ഘോലംഹൊസെയിൻ മോഹ്സെനി എജെയി എന്നിവർ ഒപ്പുവച്ചു.
ഇതിനിടെ പ്രതിഷേധക്കാർക്കെതിരെ വധശിക്ഷ ഉപയോഗിക്കപ്പെടുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാകുകയാണ്. ഇറാൻ വധശിക്ഷയെ ഭീഷണിപ്പെടുത്താനുള്ള ആയുധമായി ഉപയോഗിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഇറാൻ ഏകദേശം 1,500 പേരെ വധശിക്ഷയ്ക്ക് വിധിച്ചതായി ചൈനയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണെന്നും യു.എൻ. മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് വ്യക്തമാക്കി.
അതേസമയം ടാസ്നിം വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് ഏകദേശം 3,000 പേർ അറസ്റ്റിലായെന്നാണ്. എന്നാൽ മനുഷ്യാവകാശ സംഘടനകൾ പറയുന്നതനുസരിച്ച്, അറസ്റ്റിലായവരുടെ എണ്ണം 20,000 വരെ ആയേക്കാം. ഇതിനിടെ, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കലാപകാരികളുടെ പിൻബലം തകർക്കണം എന്ന് ആവശ്യപ്പെട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.















































