തിരുവനന്തപുരം: മുൻ മന്ത്രി കെ.എം. മാണിയുടെ സ്മരണ നിലനിർത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് നഗരത്തിന്റെ ഹൃദയഭാഗത്ത് 25 സെൻറ് സ്ഥലം അനുവദിച്ചു. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്. മന്ത്രി സഭാ യോഗത്തിലാണ് ഈ പ്രഖ്യാപനം. മുന്നണി മാറ്റ ചർച്ചകൾക്കിടെയാണ് സർക്കാരിന്റെ വക ഭൂമി ദാനം.
തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറ വാടകയ്‌ക്കോ നൽകാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സർക്കാർ ഭൂമി കൈമാറിയിട്ടുള്ളത്.
അതുപോലെ കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു. കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കർ ഭൂമി അനുവദിച്ചു. തലശേരി വാടിക്കകത്താണ് ഭൂമി അനുവദിച്ചത്.
മന്ത്രിസഭാ യോഗത്തിന്റെ മറ്റു തീരുമാനങ്ങൾ
മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
അപേക്ഷകർ കേളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തിയതിൽ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ/രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ/ ഡീംഡ് സർവ്വകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവ്വീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയിൽവെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. അർഹരായ ആദ്യത്തെ അഞ്ച് ലക്ഷം പേർക്ക് സ്‌കോളർഷിപ്പ് നൽകും.
യുവാക്കളുടെ ആത്മവിശ്വാസം വർധിപ്പിച്ചും പഠനോത്സാഹം നിലനിർത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബൽപോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളർഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക.
തസ്തിക
2020-21 വർഷത്തിൽ സർക്കാർ ആർട്‌സ് & സയൻസ് കോളേജുകളിൽ പുതിയതായി അനുവദിച്ച കോഴ്‌സുകളിലേക്ക് 48 തസ്തികകൾ സൃഷ്ടിക്കും. 16 മണിക്കൂർ വർക്ക് ലോഡുള്ള വിഷയങ്ങളിലാണ് തസ്തിക സൃഷ്ടിച്ച് നിയമനം നൽകുക.
വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റ് 90% അംഗവൈകല്യം സംഭവിച്ച, കണ്ണൂർ, എളയാവൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ എച്ച്.എസ്.ടി (മലയാളം) അധ്യാപകൻ പ്രശാന്ത് കുളങ്ങരയെ സർവീസിൽ നിലനിർത്തി ആനുകൂല്യങ്ങൾ നൽകും. ഇതിനായി സ്‌കൂളിൽ ഒരു എച്ച്.എസ്.ടി (മലയാളം) സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നൽകി.
ഭരണാനുമതി
മൂലത്തറ വലതുകര കനാൽ, വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ലാന്റ് അക്വിസിഷൻ പ്രകാരം ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി. 2087.97 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് 35,43,21,934 രൂപയുടെ തത്വത്തിലുള്ള പുതുക്കിയ ഭരണാനുമതിയാണ് നൽകിയത്.
2018 പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ അഞ്ച് ഗുണഭോക്താക്കൾക്ക് തുക അനുവദിക്കും. 18,40,000 രൂപ അനുവദിക്കുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നൽകി.
നിയമനം
കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ 26 എൻ.ജെ.ഡി. ഒഴിവുകളിൽ, കായികരംഗത്ത് നിന്നും വിരമിച്ച 20 പേരെ റെഗുലർ ഒഴിവുകളിലും (നിലവിലുള്ളതോ ആദ്യം ഉണ്ടാകുന്നതോ ആയ) കായികരംഗത്ത് തുടരുന്ന 6 പേരെ റവന്യൂ വകുപ്പിൽ അതത് താലൂക്ക് ഓഫീസുകളിൽ സൂപ്പർന്യൂമററി തസ്തികകളിലും നിയമിക്കുന്നതിന് അനുമതി നൽകി.















































