തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് മടങ്ങാനൊരുങ്ങുന്നെന്ന പ്രചരണങ്ങൾ കൊഴുക്കുന്നതിനിടെ അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കോൺഗ്രസ്സ് അവരുമായി ബന്ധപ്പെട്ടില്ലയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരള കോണ്‍ഗ്രസ് ഇതുവരെ താത്പര്യം അറിയിച്ചിട്ടില്ലെന്നും അറിയിച്ചാൽ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെസി വേണുഗോപാലും പറഞ്ഞു. അതേസമയം യുഡിഎഫ് വിജയത്തിന് കേരള കോൺഗ്രസ് അനിവാര്യമാണോ എന്ന ചോദ്യത്തിന് യുഡിഎഫ് യോഗം ചേർന്ന് ആലോചിക്കുമെന്നായിരുന്നു സണ്ണി ജോസഫിന്‍റെ മറുപടി.
കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് വരുന്നതിൽ ഇതുവരെ താൽപര്യം അറിയിച്ചിട്ടില്ല. ഒരാളുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ല. യുഡിഎഫിന്‍റെ പാരമ്പര്യമുള്ള പാർട്ടി ആണ് കേരള കോൺഗ്രസ് എം. അവർക്ക് തിരിച്ചുവരണമെന്ന് താല്പര്യമറിയിച്ചാൽ ചർച്ച നടത്തും.
മുഖ്യമന്ത്രി പറഞ്ഞ 110 സീറ്റ് യുഡിഎഫ് കേരളത്തിൽനടപ്പാക്കും. കേരള കോൺഗ്രസിന്‍റെ സ്റ്റിയറിങ് കമ്മിറ്റി 16ന് ചേരുകയാണെന്ന് വാര്‍ത്ത കണ്ടിരുന്നു. കേരള കോണ്‍ഗ്രസുമായി അനൗദ്യോഗിക ചർച്ചകളും ഉണ്ടായിട്ടില്ല. ഘടക കക്ഷി നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ല.
യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്നത് വെറും അഭ്യൂഹങ്ങളാണ്. കെസി വേണുഗോപാൽ പറഞ്ഞു. ഓരോ ദിവസം കഴിയുംതോറും യുഡിഎഫിലേക്ക് കേരളം വന്നുകൊണ്ടിരിക്കുകയാണ്. വലിയ ഭൂരിപക്ഷത്തെ ജയിക്കാനുള്ള സാഹചര്യമുണ്ട്. എന്നാൽ കോൺഗ്രസിന് അമിത ആത്മവിശ്വാസമില്ല. വലിയ പോരാട്ടമാണ് എന്ന് വിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്.അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരും. ഐഷ പോറ്റിയെ പോലെ കൂടുതൽ ആളുകൾ മുന്നോട്ടുവരുന്നുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണിജോസഫ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ കോൺഗ്രസിന് പുറത്താണെന്നും കെപിസിസി അധ്യക്ഷൻ ആവര്‍ത്തിച്ചു. അതിജീവിതക്കെതിരെ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ശ്രീനാദേവിക്കെതിരെയുള്ള അതിജീവിതയുടെ പരാതിയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരാതി ശ്രദ്ധയിൽപ്പെട്ടാൽ പരിശോധിക്കും.അദ്ദേഹം പറഞ്ഞു.















































