താമരശ്ശേരി: ഇസ്രയേലിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബ്ലേഡ് മാഫിയയുടെ ഇടപെടലിനുള്ള സാധ്യത വെളിപ്പെടുത്തി താമരശ്ശേരി സ്വദേശി. താമരശ്ശേരിയിൽ ശ്രീഹരി ഹോട്ടൽ നടത്തുന്ന താമരശ്ശേരി ചപ്പങ്ങാത്തോട്ടത്തിൽ ശ്രീഹരിയാണ് ജിനേഷിനും രേഷ്മയ്ക്കും ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നതായി മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തിയത്.
ഇസ്രയേലിലേക്ക് പോവുന്നതിന് മൂന്നുമാസംമുൻപ് ജിനേഷ് ഭാര്യ രേഷ്മയ്‌ക്കൊപ്പം സഹായംതേടി തന്നെവന്നുകണ്ടിരുന്നെന്നും കാറിൽ തട്ടിക്കൊണ്ടുപോയി ബ്ലേഡ് മാഫിയ ഇരുവരെയും മർദിച്ചകാര്യം പറഞ്ഞിരുന്നെന്നും ശ്രീഹരി അറിയിച്ചു. ‘ഇസ്രയേലിലേക്ക് പോകുന്നതിന് മൂന്നുമാസംമുൻപ് കഴിഞ്ഞവർഷം ആദ്യമാണ് ജിനേഷ് രേഷ്മയ്‌ക്കൊപ്പം എന്നെ കാണാൻവന്നത്. ബീനാച്ചി സ്വദേശികളും ഞാനുമായി കേസ് നിലനിൽക്കുന്നത് അറിഞ്ഞാണ് അവർ അന്വേഷിച്ച് താമരശ്ശേരിയിലെത്തിയത്. എന്റെ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. അതിന് ഒരാഴ്ചമുൻപ് ബ്ലേഡ് മാഫിയ ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും ജിനേഷിനെ ക്രൂരമായി മർദിക്കുകയും ചെയ്തതായി രേഷ്മ പറഞ്ഞു.
തടയാൻശ്രമിക്കവെ രേഷ്മയുടെ കൈയ്ക്കും പരിക്കേറ്റു. വാഹനത്തിൽനിന്ന് ചാടുമെന്ന് രേഷ്മ പറഞ്ഞതോടെയാണ് സംഘം ജിനേഷിനെ വിട്ടയച്ചത്. രേഷ്മയുടെ മരണത്തിനുപിന്നിൽ ഈ സംഘത്തിന്റെ ഭീഷണിയുണ്ടാവാൻ സാധ്യതയുണ്ട്. രേഷ്മ മരിച്ചവിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ ഞാൻ വീട്ടിൽപ്പോയി ബന്ധുക്കളെ കണ്ട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു…’ -ശ്രീഹരി പറഞ്ഞു. നിലമ്പൂർ സ്വദേശിയായ തന്റെ സുഹൃത്ത് ജുമാൻ ബ്ലേഡ് മാഫിയയുമായി നടത്തിയ പണമിടപാടിന്റെപേരിൽ തന്റെ ഭാര്യയുടെ പേരിലുള്ള മാരുതി ബ്രസ കാർ, ബ്ലേഡ്മാഫിയ അഞ്ചുവർഷംമുൻപ് അന്യായമായി പിടിച്ചെടുത്തെന്നും കാർ വീണ്ടെടുക്കാൻ നിയമനടപടി സ്വീകരിച്ചപ്പോൾ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രീഹരി പറഞ്ഞു.
















































