കൊച്ചി: മൂവാറ്റുപുഴയിൽ ബാറ്ററി മോഷണക്കുറ്റം ആരോപിച്ച് ആളുമാറി കസ്റ്റഡിയിലെടുത്ത് യുവാവിനെ മർദിച്ച സംഭവത്തിൽ പോലീസുകാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് മൂവാറ്റുപുഴ മടത്തിക്കുടിയിൽ അമൽ ആന്റണിയെ (35) കടയിൽനിന്ന് ബാറ്ററി മോഷ്ടിച്ചു എന്നാരോപിച്ച് വീട്ടിൽനിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചതും പിന്നീട് ആളുമാറിയെന്ന് മനസിലാക്കി വിട്ടയച്ചതും.
സംഭവത്തിൽ മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്ഐ വിഷ്ണു രാജു, ഗ്രേഡ് എസ്ഐ എം.വി.ദിലീപ് കുമാർ, സീനിയർ സിപിഒമാരായ രതീഷ്, എച്ച്.ഹാരിസ് എന്നിവർക്ക് ഡ്യൂട്ടിയിൽ വീഴ്ച സംഭവിച്ചു എന്നാണ് അന്വേഷണ റിപ്പോർട്ട്. എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ജോസാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കിയത്.
സംഭവശേഷം ജോലിക്കു പോകാൻ പോലും സാധിക്കാത്ത വിധത്തിൽ മർദനത്തിൽ പരുക്കേറ്റെന്നും നഷ്ടപരിഹാരവും സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും വേണമെന്നു ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അമൽ. തനിക്ക് മർദനമേറ്റ വിഷയത്തിൽ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകാതെ വന്നതോടെ അമൽ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നിർദേശ പ്രകാരം ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ച കാര്യം വ്യക്തമായത്.
2025 ഓഗസ്റ്റ് 12നാണ് അമൽ ആന്റണിയെ മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചത്. നഗരത്തിലെ ഒരു കടയിൽ നിന്ന് കാണാതായ ബാറ്ററി മോഷ്ടിച്ചു വിറ്റുവെന്നാരോപിച്ച് നാലംഗ പോലീസ് സംഘം തന്നെ വീട്ടിൽ നിന്ന് വലിച്ചിറക്കി പോലീസ് ജീപ്പിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് അമൽ പരാതിയിൽ പറഞ്ഞിട്ടുള്ളത്.
15 വർഷമായി ഇലക്ട്രിക്കൽ ജോലി ചെയ്ത് കുടുംബം പോറ്റുന്നയാളാണ് അമൽ. അന്നു ഉച്ചയോടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽനിന്ന് തന്നെ വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റിയതെന്ന് അമൽ പറയുന്നു. ജീപ്പിൽ വച്ച് ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിക്കുകയും മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തുന്നതു വരെ പൊലീസ് വാഹനത്തിലിട്ട് മർദിച്ചെന്ന് അമലിന്റെ പരാതിയിൽ പറയുന്നു.
അതേസമയം അമൽ വിറ്റത് 10 വർഷം പഴക്കമുള്ള സ്വന്തം ബാറ്ററിയായിരുന്നെന്നു സ്റ്റേഷനിലെത്തിയപ്പോൾ പോലീസിന് മനസിലായി. മോഷണം പോയ ബാറ്ററിയുടെ ബില്ലുമായി കടയുടമ സ്റ്റേഷനിലെത്തിയപ്പോഴാണ് ആളുമാറിയാണ് അമലിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസിന് വ്യക്തമായത്. 2 വർഷം പഴക്കമുളള ബാറ്ററിയായിരുന്നു കടയിൽ നിന്ന് മോഷണം പോയത്. ഇതോടെയാണ് അമൽ നിരപരാധിയാണെന്നു കണ്ടെത്തി വെറുതെ വിടുകയായിരുന്നു.
അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്-
∙ മോഷണ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനു പകരം പോലീസ് സംഘം വീട്ടിലെത്തി അമലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്തു നിന്ന് കൃത്യവിലോപവും അധികാരദുർവിനിയോഗവും സംഭവിച്ചിട്ടുണ്ട്.
എന്നാൽ അമലിനെ തങ്ങൾ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥരുടെ വാദം. പക്ഷെ ചികിത്സിച്ച ഡോക്ടർ അടക്കം അമലിന്റെ വാദം ശരിവച്ചു. അതേ സമയം, പോലീസ് അമലിനെ മർദിച്ചതായി റിപ്പോർട്ടിൽ പറയുന്നില്ല. പകരം കസ്റ്റഡിയിലെടുക്കാൻ ബലം പ്രയോഗിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.















































