ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ വിവാഹ ആഘോഷങ്ങൾക്കിടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ വരനും വധുവും ഉൾപ്പെടുന്നു. ഒട്ടേറെപ്പേർക്കു സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ വീട്ടിൽവച്ചു നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ വീട് പൂർണമായും തകരുകയും സമീപത്തെ നാലു വീടുകൾക്ക് കേടുപാടുണ്ടാവുകയും ചെയ്തതായി ഇസ്‌ലാമാബാദ് അഡീഷനൽ ഡപ്യൂട്ടി കമ്മിഷണർ സാഹിബ്‌സാദ യൂസഫ് പറഞ്ഞു.
മരിച്ചവരിൽ വരനും വധുവും ഉൾപ്പെട്ടിട്ടുണ്ടെന്നും ഡപ്യൂട്ടി കമ്മിഷണർ സ്ഥിരീകരിച്ചു. അതിഥികൾ ഉൾപ്പെടെയുണ്ടായിരുന്ന സൽക്കാര വേദിയിലാണ് സ്ഫോടനം ഉണ്ടായത്. തുടർന്ന് രക്ഷാപ്രവർത്തകരെത്തിയാണ് അവശിഷ്ടങ്ങളിൽനിന്നും പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.















































