വാഷിങ്ടണ്‍: ഇറാനെതിരെ യുദ്ധത്തിന് ട്രംപ് ഒരുങ്ങുന്നതിനായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിൽ രാഷ്ട്രീയമാറ്റം ആവശ്യപ്പെട്ട് ജെൻ സീ പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പ്രക്ഷോഭകർക്കുനേരെ ഇറാനിയൻ സേന നടത്തിയ വെടിവയ്പ്പിലും മറ്റും ഇതിനകം 500ലേറെ പേർ കൊല്ലപ്പെട്ടു. 2,000ലേറെ പേർ അറസ്റ്റിലുമായി. പ്രക്ഷോഭകരെ കൊലപ്പെടുത്താനാണ് നീക്കമെങ്കിൽ ഇറാനിൽ യുഎസ് സൈന്യമിറങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. 1979ൽ ആണ് ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് ആകുന്നത്. യുഎസിന്റെ പിന്തുണയുണ്ടായിരുന്ന ഷാ ഭരണകൂടത്തെ പുറത്താക്കി പരമോന്നത നേതാവ് ആയത്തൊല്ല ഖൊമനയിയുടെ നേതൃത്വത്തിൽ ഭരണം പിടിച്ചെടുക്കുകയായിരുന്നു.2022 മുതലാണ് ഹിജാബിനെതിരായ പ്രക്ഷോഭത്തോടെ ഇറാനിൽ ഖമനേയി ഭരണത്തിനെതിരായ തരംഗം ആഞ്ഞടിക്കുന്നത്.
തുടക്കംമുതൽ പ്രക്ഷോഭകർക്കെതിരെ നിറയൊഴിച്ചും വ്യാപകമായ അറസ്റ്റിലൂടെയും പ്രതിരോധിക്കാനാണ് ഇറാൻ ഭരണകൂടം ശ്രമിക്കുന്നതും. ഇതിനെതിരെയാണ് ട്രംപ് രംഗത്തെത്തിയത്. ഇറാൻ ആണവായുധ നിർമാണത്തിൽ നിന്ന് പിന്മാറണം, ഖമനയി നയിക്കുന്ന ഭരണകൂടം പടിയിറങ്ങണം തുടങ്ങിയവയുമാണ് പ്രധാന ആവശ്യങ്ങൾ. ഇറാന്റെ മറ്റൊരു മുഖ്യ എതിരാളിയായ ഇസ്രയേലും ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്. നിലവിൽതന്നെ, യുഎസ് ഉപരോധം ഉൾപ്പെടെയുള്ള തിരിച്ചടിമൂലം ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. യുഎസ് ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ മൂല്യം അനൗദ്യോഗിക വിപണിയിൽ 14 ലക്ഷം കടന്നു. രാജ്യത്ത് പണപ്പെരുപ്പം 40 ശതമാനത്തിനും മുകളിലെത്തി. ഇറക്കുമതിയും കയറ്റുമതിയും താറുമാറായി. തൊഴിലില്ലായ്മ അതിരൂക്ഷം.
ഈ പശ്ചാത്തലത്തിലാണ് പ്രക്ഷോഭം ആളിക്കത്തുന്നത്. അതേസമയം, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് യുഎസിനും ഇസ്രയേലിനും ഖമനയി മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഗ്രീൻലൻഡ് പിടിച്ചെടുക്കാനായി പ്രത്യേക യുഎസ് സൈന്യത്തെ അയക്കുന്നതും ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. യൂറോപ്യൻ രാഷ്ട്രമായ ഡെന്മാർക്കിന്റെ അധീനതയിലാണ് കാനഡ, അമേരിക്ക എന്നിവയോട് ചേർന്നുകിടക്കുന്ന ദ്വീപായ ഗ്രീൻലൻഡ്. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡിനെ സ്വന്തമായി വേണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇതിനെതിരെ ഗ്രീൻലൻഡിലെ രാഷ്ട്രീയ പാർട്ടികളും ഡെന്മാർക്കും രംഗത്തുവന്നിരുന്നു.















































