തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിനോട് പ്രതികരിക്കേണ്ട ബാധ്യത കോൺഗ്രസിന് ഇല്ലെന്ന് കെ മുരളീധരൻ. രാഹുൽ തെറ്റ് ചെയ്തുവെന്ന് കണ്ടെത്തിയതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അതിന്‌ശേഷം നടക്കുന്ന ഒരു കാര്യങ്ങളിലും ഉത്തരവാദിത്തമോ അഭിപ്രായം പറയേണ്ടതോ ആയ കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടി ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിൽ നിർത്താൻ കൊള്ളരുതാത്ത ആളായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഇനി ഉചിതമായ തീരുമാനം സർക്കാരും പോലീസും എടുക്കണം. തെറ്റുകാരനെ ന്യായീകരിക്കില്ല അതാണ് പാർട്ടി നയം. സ്വർണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പോത്സാഹിപ്പിക്കില്ല. വടക്കൻ പാട്ടിൽ പറയുന്നതുപോലെ ഒതേനൻ ചാടാത്ത മതിലുകൾ ഇല്ലയെന്നും കോൺഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാർട്ടിയാണ് മറ്റ് കളരികൾക്കുള്ളതല്ലെന്നും കെ മുരളീധരൻ പറഞ്ഞു.
അതുപോലെ രാഹുൽ എന്നേ സ്വയം രാജിവെക്കേണ്ടതായിരുന്നു. ആദ്യം സസ്‌പെൻഡ് ചെയ്തു. അതിജീവിതമാരുടെ എണ്ണം കൂടി. പിന്നാലെ പുറത്താക്കിയെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിന് മാനസിക വൈകൃതമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് സജന ബി സാജനും വിമർശിച്ചു. അധികാരവും സംരക്ഷണവും ഉറപ്പുള്ളതിന്റെ അഹങ്കാരത്തിലാണ് രാഹുൽ ചെയ്തുകൂട്ടിയതെല്ലാമെന്നും ഇരകൾ പോരാടണമെന്നും സജന പറഞ്ഞു.
ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരമാണെന്നുമാണ് സജന പ്രതികരിച്ചത്. ഇരകൾ പോരാടുന്നത് ഒരു കോൺഗ്രസ് നേതാവിനോടല്ല. അവർക്ക് കോൺഗ്രസ് നേതാക്കളുടെ സംരക്ഷണമില്ല. അവർക്ക് സംരക്ഷണം നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ലക്ഷ്യങ്ങൾ ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സ്ത്രീപക്ഷ നിലപാടിൽ തന്നെയാണെന്നും സജന പറഞ്ഞു.


















































