തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് സിപിഎം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നിലവിലെ മന്ത്രി വി.എന്‍.വാസവനെയും അതിനു മുന്‍പുള്ള കോണ്‍ഗ്രസ് മന്ത്രിയെയും സംരക്ഷിക്കാനാണോ എന്നു സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
തന്ത്രിയുടെ അറസ്റ്റ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണോ എന്നു സംശയമുണ്ട്. ശബരിമലയിലെ സ്വര്‍ണം സംരക്ഷിക്കേണ്ടതിന്റെയും പരിശോധിക്കേണ്ടതിന്റെയും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനും മന്ത്രിക്കുമാണ്. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍, എന്തുകൊണ്ടു മന്ത്രിയെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്.
രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. വീഴ്ചയാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടിയില്ല. സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ വലിയ രാഷ്ട്രീയ നേതാക്കളുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.സിപിഎം- കോണ്‍ഗ്രസ് കുറുവ സംഘമാണ് കൊള്ളയ്ക്കു പിന്നിലെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. മകരവിളക്കു ദിവസമായ 14ന് എന്‍ഡിഎ ജ്യോതി തെളിച്ച് പ്രതിഷേധസമരം സംഘടിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


















































