ലഖ്നൗ: 69-ാം പിറന്നാളാഘോഷത്തിനിടെ വേദിയിൽ മുഖമടച്ചുവീഴുന്ന ബിജെപി നേതാവും മുൻ കൈസർഗഞ്ച് എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. വ്യാഴാഴ്ച ഗോണ്ട ജില്ലയിലെ നന്ദാനി നഗറിൽ നടന്ന ഭൂഷന്‍റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. എട്ട് ദിവസത്തെ രാഷ്ട്ര കഥാ മഹോത്സവത്തിന്റെ ഭാഗമായിരുന്നു ഈ പരിപാടി. മതനേതാവ് റിതേശ്വർ മഹാരാജിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ വലിയൊരു ജനക്കൂട്ടം തന്നെ വേദിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു.ബ്രിജ് ഭൂഷൺ വേദിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട് മുഖമടച്ചു വീഴുകയായിരുന്നു. സമീപത്ത് നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വീഴുന്നത് തടയാൻ കഴിഞ്ഞില്ല.
എന്നിരുന്നാലും, വീണയുടനെ ബ്രിജ്ഭൂഷൺ ശരൺ എഴുന്നേറ്റു നിന്ന് പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ബ്രിജ് ഭൂഷണെ പരിഹസിച്ച് രംഗത്തെത്തിയത്.


















































