ഡബ്ല്യുസിസിയെ അധിക്ഷേപിച്ചും പരിഹസിച്ചും നിർമാതാവും നടനുമായ വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു പുരുഷനെയോ അല്ലെങ്കിൽ പുരുഷന്മാരെയോ ആക്രമിക്കാനായി മാത്രം ഒത്തുച്ചേരുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് ഇതെന്നാണ് വിജയ് ബാബുവിന്റെ പരിഹാസം. ഡബ്ല്യുസിസി എന്ന് എടുത്തു പറയാതെ, വുമൺ, കളക്ടീവ് എന്നീ വാക്കുകൾ പരാമർശിച്ചുകൊണ്ടാണ് വിജയ് ബാബു ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ കുറിപ്പ്. ടീസർ പുറത്തിറങ്ങിയതോടെ വൻ സൈബർ ആക്രമണമാണ് ഗീതുവിന് നേരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
‘ഇരട്ടത്താപ്പിന്റെ തമ്പുരാട്ടികളെ കുറിച്ച് ചിലത് പറയാം. അവരുടെ കഥകളെ കുറിച്ച് പറയാൻ തുടങ്ങിയാൽ അത് അവസാനിക്കില്ല. അതേ കുറിച്ച് ഞാൻ ഒന്നും പറയാനും പോകുന്നില്ല. കാരണം അവർക്ക് അവരുടെ സമയവും സൗകര്യവും അനുസരിച്ച് ഏത് കാര്യവും വളച്ചൊടിക്കാനുള്ള പ്രിവില്ലേജ് ഉണ്ട്.
അവർ സ്ത്രീകളാണ്, വല്യേ കളക്ടീവാണ്. അവരുടെ താൽപര്യത്തിന് അനുസരിച്ച് ഒരു പുരുഷനെ അല്ലെങ്കിൽ അവർക്ക് തോന്നുന്ന പുരുഷന്മാരെ ആക്രമിക്കാൻ അവർ ഒത്തുകൂടും. അതിനുശേഷം ആ കളക്ടീവ് പിരിഞ്ഞുപോകും. അടുത്ത ഒരു പുരുഷനെ ആക്രമിക്കാൻ കിട്ടുമ്പോൾ വീണ്ടും വരും. അവർക്ക് സ്വന്തമായി എന്തെങ്കിലും നിലവാരമോ നിലപാടോ ഇല്ല. തലയോ വാലോ ധർമമോ പോളിസികളോ നിയമാവലിയോ ഇല്ലാത്ത ഒരു കൂട്ടം. അവരുടെ താൽപര്യത്തിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യാനുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് മാത്രമാണ് ഈ കളക്ടീവ്,’ വിജയ് ബാബു പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അതേസമയം വിജയ് ബാബുവിന്റെ വാക്കുകൾക്ക് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. മീ ടു ആരോപണം നേരിട്ടതിനും, നിർമാതാവ് സാന്ദ്ര തോമസുമായുള്ള തർക്കങ്ങൾക്കും പിന്നാലെയാണ് വിജയ് ബാബു ഡബ്ല്യുസിസിയെയും നിലപാടുള്ള സ്ത്രീകളെയും അധിക്ഷേപിക്കാൻ തുടങ്ങിയതെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നു. ഇവയെ വെറും ജൽപനങ്ങൾ മാത്രമായി തള്ളിക്കളയണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. എന്നാൽ വിജയ് ബാബുവിനെ പിന്തുണച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്.
ടീസറിനെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തിയത്. പ്രധാനമായും ടീസറിൽ നായകനായ യഷിനെ അവതരിപ്പിച്ചതും അതിനായി സ്ത്രീ കഥാപാത്രത്തെ ഉപയോഗിച്ച രീതിയുമാണ് വിമർശിക്കപ്പെട്ടത്. ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ കമന്റ് ചെയ്തു.
















































