കൊല്ലം: ചവറ സ്വദേശിയായ വേണു ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ ആശുപത്രികൾക്കും ജീവനക്കാർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോർട്ട്. വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ വെച്ചുതന്നെ അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ ആ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
വേണുവിന്റെ മരണത്തിൽ സിഎച്ച്സി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വരെയും ഗുരുതരമായ പിഴവുകൾ സംഭവിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തൽ. കൊല്ലത്തു നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും വേണുവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചില്ല. തുടർന്ന് മെഡിക്കൽ വാർഡിലേക്ക് മാറ്റിയെങ്കിലും അവിടെയും ചികിത്സ ലഭ്യമാക്കാൻ വൈകിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതുപോലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ ഉള്ളിലേക്ക് മാറ്റാൻ പോലും അറ്റൻഡർമാരോ മറ്റ് ജീവനക്കാരോ തയ്യാറായില്ല. ജീവനക്കാർ രോഗികളോട് മാന്യമായി പെരുമാറേണ്ടതിന്റെ ആവശ്യകതയും അന്വേഷണസംഘം റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു.















































