തിരുവനന്തപുരം: നിരന്തരം വർഗീയപരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. ജാതി ചോദിക്കുകയും പറയുകയും ചെയ്യരുത് എന്ന് പറഞ്ഞ ഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്. ഒരാളെയും തിരുത്താനാകില്ല, വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണെന്നും ഗണേഷ്‌കുമാർ വിമർശിച്ചു.
‘ ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുൻപ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണത്. അദ്ദേഹമിരുന്ന കസേരയിലാണ് ഇരിക്കുന്നത് എന്ന് ഓർമിച്ചാൽ മതി. മറ്റൊന്നും പറയാനില്ല. ലോകത്ത് ആരെയും തിരുത്താനാകില്ല. സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം. അവനവനാണ് വകതിരിവ് കാണിക്കേണ്ടത്’- എന്ന് ഗണേഷ്‌കുമാർ പറഞ്ഞു.
അതേസമയം മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിക്കുന്നില്ല എന്ന ആരോപണത്തെ ചോദ്യം ചെയ്തതത് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചിരുന്നു. ഇതോടെ മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുകയായിരുന്നു.
വെള്ളാപ്പള്ളി സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി ആണെന്ന് ആവർത്തിച്ചു തെളിയിക്കുന്നുവെന്ന് കെയുഡബ്ല്യുജെ അഭിപ്രായപ്പെട്ടിരുന്നു. വിഷലിപ്ത സമീപനത്തിൽ വെള്ളാപ്പള്ളി മാപ്പ് പറയണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ എംഎസ്എഫ്, കോൺഗ്രസ്, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തുടങ്ങിയവരും വെള്ളാപ്പള്ളിയെ തള്ളി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകളാണ് വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നത് എന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.
















































