എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഡിവൈഎഫ്‌ഐയുടെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകനെതിരെ നടത്തിയ പ്രസ്താവനകൾ തിരുത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശ്രീനാരായണ ധർമത്തിന് വിരുദ്ധമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ സനോജ് വ്യക്തമാക്കി.
മത- ജാതി ഭിന്നതകൾ ഉണ്ടാക്കി നാടിനെ കീഴ്‌പ്പെടുത്താനുള്ള സംഘപരിവാർ – ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നത്. അത്തരം പരിശ്രമങ്ങളെ വിഫലമാക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലെന്നും സനോജ് പറയുന്നു.
കഴിഞ്ഞ ദിവസം മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് കയർത്ത സംഭവത്തിൽ വിശദീകരണം നൽകുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശന്റെ തീവ്രവാദി പരാമർശമുണ്ടായത്. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തൻ തീവ്രവാദിയാണെന്നും മുസ്ലിങ്ങളുടെ വക്താവാണെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

















































