പത്തനംതിട്ട: 13 കാരിയോട് അപമര്യാദയായി പെരുമാറിയ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ. പത്തനംതിട്ടയിലാണ് സംഭവം. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് തന്റെ അയൽക്കാരനായ പോക്സോകേസ് പ്രതിക്ക് ജാമ്യം നിന്നത്. സംഭവം പുറത്തായതോടെ സിഐ ജാമ്യത്തിൽ നിന്ന് പിന്മാറി. സുനിൽ കുമാർ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയായിരുന്നു.
സിഐ സുനിൽ കൃഷ്ണന്റെ അയൽവാസി ശങ്കരൻകുട്ടിയാണ് പോക്‌സോ കേസിലെ പ്രതി. കിളികൊല്ലൂർ സ്വദേശിയായ ഇയാൾ പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയാണ്. കേസിൽ അറസ്റ്റിലായ ശങ്കരൻകുട്ടി നാൽപ്പത് ദിവസത്തിലധികം ജയിലിൽ കിടന്നിരുന്നു.
പിന്നീട് സിഐ അടക്കം രണ്ടുപേരാണ് കഴിഞ്ഞ മാസം മുപ്പതിന് പ്രതിയുടെ ജാമ്യത്തിനായി കോടതിയിൽ ഹാജരായത്. ശങ്കരൻകുട്ടി തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യത്തിലാണ് സഹായം നൽകിയതെന്നാണ് സുനിൽ കൃഷ്ണന്റെ ന്യായീകരണം. എന്നാൽ വിവരം ചോർന്നതോടെ സുനിൽ ജാമ്യം ഒഴിഞ്ഞു തടിയൂരുകയായിരുന്നു.


















































