ഹരിപ്പാട്: ഗവ.താലൂക്ക് ആശുപത്രിയിൽ ഡിസംബർ 29ന് ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായത് 6 പേർക്ക്. രാവിലെ ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ 4 പേരിൽ രണ്ടു പേരാണ് മരിച്ചത്. ഇതേ ദിവസം ഉച്ചയ്ക്കു ശേഷം ഡയാലിസിസ് നടത്തിയ 2 പേർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരിശോധനയിൽ കണ്ടെത്തി. ഒരേ സമയം 7 പേർക്കു ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്.
29ന് രാവിലത്തെ ഷിഫ്റ്റിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയുമുണ്ടായ മൂന്നു പേരെയാണു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തത്. ഇതിൽ കായംകുളം പുതുക്കാട് വടക്കതിൽ മജീദിനെയും മറ്റൊരു രോഗിയെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ഐസിയു ബെഡ് ഇല്ലാത്തതിനാൽ വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹവും മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ മജീദുമാണ് മരിച്ചത്.
മജീദ് 30ന് രാത്രിയും രാമചന്ദ്രൻ ഇന്നലെ രാവിലെയും മരിച്ചു. മറ്റൊരാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. രണ്ടു ഷിഫ്റ്റുകളിലായി ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ മറ്റു 3 പേർ അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. മരണത്തിനു കാരണം അണുബാധയാണ് എന്നാരോപിച്ച് രാമചന്ദ്രന്റെ ബന്ധുക്കൾ ഇന്നലെ രാവിലെ ആശുപത്രിയിലെത്തി പരാതി നൽകി.
















































