ന്യൂഡൽഹി: ന്യൂഡൽഹിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയിൽ വൻ ആഭരണ ശേഖരവും പണവും വസ്തുവകകളുടെ രേഖകളും പിടികൂടി. അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡി പരിശോധന നടത്തിയത്. ഡൽഹി സർവപ്രിയ വിഹാറിലെ ഒരു വീട്ടിൽ നിന്നാണ് പണവും ആഭരണങ്ങളും കണ്ടെത്തിയത്.
അതേസമയം കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇന്ദർജിത് സിങ് എന്നയാളുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾ ഒരു വെബ്‌സൈറ്റ് നിർമിക്കുകയും അതുവഴി വിവിധ കമ്പനികൾക്ക് ലോൺ ഇടപാടുകൾ സെറ്റിൽചെയ്തുകൊടുക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇയാൾക്കെതിരേ പതിനഞ്ചോളം എഫ്ഐആറുകളുണ്ട്. മാത്രമല്ല, ഹരിയാണ, യുപി പോലീസ് കേസുകളിൽ കുറ്റപത്രം അടക്കം സമർപ്പിച്ചിട്ടുമുണ്ട്. ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങൾ ഇഡിയുടെ അന്വേഷണ പരിധിയിലാണ്.
ഇന്ദർജിത് സിങ്ങിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ കോടിക്കണത്തിന് രൂപ കണ്ടെത്തിയത്. ഏകദേശം 5 കോടി രൂപയോളമാണ് പണമായി പിടികൂടിയത്. അതിന് പുറമേ എട്ടുകോടി വിലമതിക്കുന്ന വിവിധ ആഭരണങ്ങളും കണ്ടെത്തി. 35 കോടി രൂപയോളം വിലവരുന്ന സ്വത്തുക്കളുടെ രേഖകളും ഇഡി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിവിധ പാസ്ബുക്കുകളും ചെക്ക്ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ ഇഡിയുടെ അന്വേഷണം തുടരുകയാണ്. ഇയാൾക്ക് ആയുധ ഇടപാടുകളിലടക്കം ബന്ധമുണ്ടെന്നാണ് വിവരം.

















































