ആലപ്പുഴ: എബിവിപി ചെങ്ങന്നൂർ നഗർ സമിതി അംഗമായിരുന്ന ആറന്മുള കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ (19) കൊലപ്പെടുത്തിയ കേസിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ എല്ലാ പ്രതികളേയും വെറുതേവിട്ട് കോടതി. മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി പി.പി.പൂജയാണു വിധി പറഞ്ഞത്. വിധി നിരാശാജനകമെന്നും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപെടെ 20 പ്രതികളാണുണ്ടായിരുന്നത്. മുഴുവൻ പ്രതികളെയും വെറുതേവിട്ടു എന്ന ഒറ്റവരിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിധിപ്പകർപ്പ് പുറത്തുവന്നാലേ വ്യക്തമാവുകയുള്ളൂ.
2012 ജൂലായ് 16-ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബിരുദ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിശാലിനെ മുൻകൂട്ടി തീരുമാനിച്ചപ്രകാരം സ്ഥലത്ത് എത്തിയ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. വിശാലിനോടൊപ്പം ഉണ്ടായിരുന്ന എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
കുത്തേറ്റ വിശാലിനെ ആദ്യം ചെങ്ങന്നൂർ ഗവ.ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകവേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണു തന്നെ കുത്തിയതെന്നു വിശാൽ സുഹൃത്തിനോടു പറഞ്ഞിരുന്നു.
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് വൈകിയതിനെത്തുടർന്ന് ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കിയത്. വിചാരണ വേളയിൽ 55 സാക്ഷികൾ, 205 രേഖകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. ലോക്കൽ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഉൾപ്പെടെ 3 ഡിവൈഎസ്പിമാർ ആണു കേസിൽ അന്വേഷണം പൂർത്തിയാക്കിയത്.
സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരായത്.



















































