തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പാളിച്ച വിലയിരുത്താൻ ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ ശബരിമല വിഷയത്തിൽ രൂക്ഷ വിമർശനം. ശബരിമല സ്വർണക്കൊള്ള വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി യോഗം വിലയിരുത്തി.
ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടു. തിരിച്ചു പിടിക്കാൻ നടപടികൾ ഉണ്ടാവണമെന്നും ആവശ്യമുയർന്നു. 14 ജില്ലാ കമ്മിറ്റികളും ചർച്ച ചെയ്ത് തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്മേലുള്ള ചർച്ചയിലാണ് വിമർശനങ്ങൾ ഉയർന്നത്.
ശബരിമല സ്വർണക്കൊള്ള വിഷയം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായെന്ന് സമിതിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെയുള്ള വികാരമായി ഇതു മാറിയിട്ടും തിരിച്ചറിയാനായില്ല. അതുമാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തൽ. എന്നാൽ, കനത്ത തിരിച്ചടി നേരിട്ടു.
കൂടാതെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെതിരെ നടപടിയില്ലാത്തത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും വിമർശനമുണ്ടായി. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗവും ഇതിനോട് യോജിച്ചു.
താഴേതട്ടിൽ വീടുകൾ കയറി ഇറങ്ങി വോട്ടു ചോദിക്കുമ്പോൾ ശബരിമലയിലെ പ്രതികളെ സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യം പാർട്ടി പ്രവർത്തകർക്ക് കേൾക്കേണ്ടിവന്നു. അതിന് ഉത്തരം പറയാൻ താഴേത്തട്ടിൽ പ്രവർത്തിച്ച സഖാക്കൾക്ക് കഴിഞ്ഞില്ലെന്നും സംസ്ഥാന സമിതിയിൽ അഭിപ്രായമുയർന്നു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചത് തിരിച്ചടിയായെന്നും സംസ്ഥാന സമിതി വിലയിരുത്തി. സിപിഎം- ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചരണത്തിന് ഒരളവ് വരെ ഇതിലൂടെ വിശ്വാസ്യത കിട്ടി. ഇടത് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു
ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഭരണരംഗത്ത് വിവാദങ്ങളില്ലാത്ത കാലമാണ് കടന്നു പോയത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വീഴ്ചയുണ്ടായി. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
















































