ടെഹ്റാൻ: ഇറാനെതിരെ യുഎസും ഇസ്രയേലും യൂറോപ്പും സമ്പൂർണ യുദ്ധം നടത്തുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ‘ഇറാഖ് നമുക്കെതിരെ നടത്തിയ യുദ്ധത്തേക്കാൾ മോശമാണ് ഈ യുദ്ധം. സൂക്ഷ്മമായി പരിശോധിച്ചാൽ, ഇത് കൂടുതൽ സങ്കീർണവും പ്രയാസമേറിയതുമാണ്’ – ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ, 1980-88 കാലഘട്ടത്തിലെ ഇറാൻ – ഇറാഖ് സംഘർഷത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
‘എന്റെ അഭിപ്രായത്തിൽ, നമ്മൾ യുഎസ്, ഇസ്രയേൽ, യൂറോപ്പ് എന്നിവരുമായി സമ്പൂർണ യുദ്ധത്തിലാണ്. നമ്മുടെ രാജ്യത്തെ മുട്ടുകുത്തിക്കാനാണ് അവർ ശ്രമിക്കുന്നത്’. – ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ രാജ്യത്തിനെതിരെ യുഎൻ വീണ്ടും ഉപരോധം ഏർപ്പെടുത്തിയതിന് പിന്നിൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളായിരുന്നു.’ – മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുകയാണെന്ന് യുഎസും സഖ്യകക്ഷികളും ആരോപിച്ചിരുന്നു.
എന്നാൽ ഈ ആരോപണം ഇറാൻ പല തവണ നിഷേധിച്ചു. ഇസ്രയേലും ഇറാനും തമ്മിൽ ജൂണിൽ 12 ദിവസം സംഘർഷം നിലനിന്നിരുന്നു. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളാണ് സംഘർഷത്തിനിടയാക്കിയത്.


















































