തിരുവനന്തപുരം: ഊണിനു ഇലയിട്ട ശേഷം സദ്യയില്ലെന്നു പറയുന്നതുപോലെയായിരുന്നു മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ ശേഷം ആർ ശ്രീരേഖയെ തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കി വിവി രാജേഷിനെ മേയറാക്കിയത്. ഇതിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ആർ. ശ്രീലേഖ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇരിപ്പിടമില്ലാതെ പിൻനിരയിലേക്കു മാറാൻ ശ്രമിച്ചു. ഉടൻതന്നെ മറ്റുള്ളവർ ഇടപെട്ട് നിയുക്ത ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥിനു സമീപം അവർക്ക് ഇരിപ്പിടം ഒരുക്കിക്കൊടുക്കുകയായിരുന്നു.
എന്നാൽ മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ശ്രീലേഖ കൗൺസിൽ ഹാൾ വിട്ട് പുറത്തേക്കുപോയി. ഒരു പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനാണു പോകുന്നതെന്നാണ് വ്യാഖ്യാനം നൽകിയത്. ഉച്ചയ്ക്കു ശേഷം ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൻറെ സമയത്ത് തിരികെയെത്തിയ ശ്രീലേഖ, അതൃപ്തി വ്യക്തമാക്കുന്ന തരത്തിലാണ് കൗൺസിൽ ഹാളിലും നേതാക്കളോടും പെരുമാറിയത്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ സ്വീകരണത്തിനു ശേഷം മേയർ വിവി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും നേരേ പോയത് ആർ. ശ്രീലേഖയുടെ വീട്ടിലേക്കാണ്. സ്ഥാനമേറ്റ ശേഷം പ്രമുഖരെ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശ്രീലേഖയെ കാണാനെത്തിയതെന്നാണ് രാജേഷ് പറഞ്ഞത്. എന്നാൽ മഞ്ഞുരുക്കൽ നീക്കത്തിന്റെ ഭാഗമാണ് ഈ സന്ദർശനമെന്നാണ് വിലയിരുത്തൽ.
അതേസമയം മേയർ സ്ഥാനം പോയതോടെ ആർ. ശ്രീലേഖയ്ക്ക് ബിജെപി പുതിയ പദവി നൽകിയേക്കും. പാർട്ടിയുടെ ഭാരവാഹിസ്ഥാനങ്ങൾക്കു പുറത്ത് ഏതെങ്കിലും പദവിയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. മേയർസ്ഥാനം ആർക്കു നൽകണമെന്നതിൽ നേതാക്കൾ രണ്ടുതട്ടിലായിരുന്നു. മേയർസ്ഥാനം ശ്രീലേഖയ്ക്ക് നൽകണമെന്ന് ഒരു വിഭാഗം നിലപാടെടുത്തെങ്കിലും മറ്റൊരു വിഭാഗം മുതിർന്ന നേതാക്കളും ആർഎസ്എസും വി.വി. രാജേഷിനായി നിലകൊണ്ടതോടെ ശ്രീലേഖ പുറത്തായി. ഇതോടെയാണ് അവർക്ക് മുന്തിയ പരിഗണന നൽകണമെന്ന വാദം ശക്തമായത്. പുതിയ പദവി സംബന്ധിച്ച് ബിജെപി കേന്ദ്ര ഘടകം തീരുമാനിക്കുമെന്നാണ് അറിയുന്നത്.
2024 ഒക്ടോബറിലാണ് ശ്രീലേഖ ബിജെപിയിൽ ചേർന്നത്. രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായശേഷം നടന്ന പുനഃസംഘടനയിൽ അവരെ വൈസ് പ്രസിഡന്റാക്കി. രാഷ്ട്രീയരംഗത്ത് കൂടുതൽ പ്രവർത്തന പാരമ്പര്യമുള്ളയാൾ മേയറായാൽ മതിയെന്ന് ആർഎസ്എസ് നിലപാട് കടുപ്പിച്ചതോടെയാണ് ശ്രീലേഖ പുറത്തായത്. ബിജെപിക്ക് വിജയപ്രതീക്ഷയുള്ള നിയമസഭാ മണ്ഡലമായ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കുന്നതും പാർട്ടിയുടെ പരിഗണനയിലുണ്ട്.
















































